'വരവേൽപ്പ് " എന്ന പേരിൽ വർഷങ്ങൾക്കു മുമ്പിറങ്ങിയ അതിമനോഹരമായ സിനിമ മലയാളികൾ ഒരുകാലത്തും മറക്കില്ല. പ്രവാസികൾ പ്രത്യേകിച്ചും. നാട്ടിൽ പണിയൊന്നും കിട്ടാതെ ഗൾഫിൽ പോയി അത്യദ്ധ്വാനം ചെയ്ത് കുറച്ച് പണമുണ്ടാക്കി വിസയുടെ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തി പഴയൊരു ബസ് വാങ്ങി ബസുടമയായ ഒരു പാവം പ്രവാസി യുവാവിന് നേരിടേണ്ടിവന്ന അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഇൗ ചിത്രത്തിന്റെ ഉള്ളടക്കം.
സത്യൻ അന്തിക്കാട് -ശ്രീനിവാസൻ ടീം ഒരുക്കിയ 'വരവേൽപ്പ് " ഇന്നും പ്രസക്തമാകുന്നത് രംഗങ്ങൾ ഏതാണ്ട് അതേപടി തുടരുന്നതിനാലാണ്. കഥയും കഥാപാത്രങ്ങളും മാത്രമേ മാറുന്നുള്ളൂ. അനുഭവങ്ങളും സാഹചര്യങ്ങളും സാമൂഹ്യാന്തരീക്ഷവും അധികാരിവർഗത്തിന്റെ സമീപനവുമൊക്കെ ഏതാണ്ട് അതേപടി തന്നെ. അന്യരാജ്യത്ത് പോയി കഷ്ടപ്പെട്ട് പണി ചെയ്ത് സമ്പാദിച്ചതത്രയും നാട്ടിൽ എന്തെങ്കിലും വ്യവസായ സംരംഭത്തിൽ മുടക്കാൻ ഒരുങ്ങുന്നവർ നേരിടേണ്ടിവരുന്ന എണ്ണിയാലൊടുങ്ങാത്ത ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇപ്പോഴും മാറ്റമൊന്നുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കണ്ണൂർ ജില്ലയിൽപ്പെട്ട തളിപ്പറമ്പിൽ സാജൻ എന്ന പ്രവാസിയുടെ ദാരുണമായ ആത്മഹത്യ. ധാർഷ്ട്യവും അഹങ്കാരവും ആർത്തിയും മൂത്ത ഒരുപിടി ആളുകളുടെ അധികാര ഗർവിന് മുമ്പിൽ പിടിച്ചു നിൽക്കാനാകാതെയാണ് ഭാര്യയെയും രണ്ട് കുട്ടികളെയും അനാഥരാക്കി സാജൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചത്.
നൈജീരിയയിൽ അങ്ങേയറ്റം ദുർഘട സാഹചര്യങ്ങളിൽ ജോലിചെയ്ത് സമ്പാദിച്ച പണംകൊണ്ട് കൺവെൻഷൻ സെന്റർ നിർമ്മിച്ച് ശിഷ്ടജീവിതം നാട്ടിൽത്തന്നെയാകാമെന്ന് ഉറപ്പിച്ച സാജന് നേരിട്ട ഇൗ ദുർഗതി പലതരത്തിലുള്ള അനുമതി പത്രങ്ങളുടെ പേരിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടമാടുന്ന അതിഭീകരമായ ക്രമക്കേടുകളുടെയും കൊടിയ അഴിമതിയുടെയും നേർചിത്രമാണ് കാട്ടിത്തരുന്നത്. കൺവെൻഷൻ സെന്റർ നിർമ്മാണം പൂർത്തിയായിട്ടും പൊതുആവശ്യങ്ങൾക്കായി അത് വാടകയ്ക്ക് നൽകാൻ ആവശ്യമായ നഗരസഭാ അനുമതി പത്രങ്ങൾ ലഭിക്കുന്നതിലുണ്ടായ തടസങ്ങളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിസഹകരണ സമീപനവുമാണ് ഇൗ പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മാസങ്ങളായി ഇൗ അനുമതി പത്രങ്ങൾ നേടാനുള്ള കഠിനശ്രമത്തിലായിരുന്നു സാജൻ. സി.പി.എം അംഗങ്ങൾ മാത്രമുള്ള ആന്തൂർ നഗരസഭയാണ് പ്രതിക്കൂട്ടിൽ. എല്ലാ തലങ്ങളിലും ഭരണം വേഗത്തിലും പക്ഷപാതമില്ലാതെയും നടക്കണമെന്ന പ്രതിജ്ഞയുമായി അധികാരത്തിലേറിയ ഒരു സർക്കാരാണ് ഇപ്പോഴുള്ളത്. എന്നിട്ടും സി.പി.എം ഒറ്റയ്ക്ക് ഭരിക്കുന്ന ഒരു നഗരസഭയിൽ ഒരു പ്രവാസിക്ക് ഇവ്വിധം ഒരു ദുർവിധിയുണ്ടായത് അങ്ങേയറ്റം കഷ്ടമായിപ്പോയി.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭാ ചെയർപേഴ്സണായ പി.കെ.ശ്യാമള. നഗരസഭാ അദ്ധ്യക്ഷയുടെ വ്യക്തിവൈരാഗ്യം കാരണമാണ് അനുമതി പത്രങ്ങൾ വൈകുന്നതെന്ന ആരോപണത്തിന് ബലം നൽകുന്ന വിധത്തിലാണ് ഇൗ സംഭവത്തിൽ നഗരസഭയിൽ നടന്നുവന്ന നടപടികൾ. പ്ളാനിന് വിരുദ്ധമായാണ് കെട്ടിടനിർമ്മാണം നടന്നതെന്ന് ആക്ഷേപമുണ്ടെങ്കിൽ നേരത്തെതന്നെ അത് പരിശോധിക്കാനും തിരുത്തിക്കാനും നടപടി എടുക്കേണ്ടതായിരുന്നു. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിൽ നടക്കാറുള്ള അഴിമതികളെക്കുറിച്ച് മാലോകർക്കെല്ലാം നന്നായി അറിയാവുന്നതാണ്. പഞ്ചായത്ത് തൊട്ട് കോർപറേഷൻ വരെയുള്ള സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് വിവിധ അനുമതി പത്രങ്ങൾ നേടാനുള്ള എളുപ്പവഴി അറിയാത്തവരായി ആരുമുണ്ടാകില്ല . കൈക്കൂലി നൽകാൻ തയ്യാറാകാത്തവർക്ക് എത്രവട്ടം സ്ഥാപനങ്ങളുടെ പടികയറേണ്ടിവരുമെന്നും അറിയാം. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഇൗ സമ്പ്രദായമൊന്നും മാറാനും പോകുന്നില്ല.
പ്രവാസിയായ സാജന്റെ കൺവെൻഷൻ സെന്റർ മോഹത്തിന് താത്കാലികമായെങ്കിലും തടയിട്ട ആന്തൂർ നഗരസഭയുടെ നടപടി ഒറ്റപ്പെട്ടതാണെന്ന് പറയാനാവില്ല. ഏതെങ്കിലും കാരണത്താൽ അധികൃതരുമായി ഇടയേണ്ടി വരുന്ന ആർക്കും നേരിടേണ്ടിവരുന്ന ദുർവിധിയാണിതൊക്കെ. സാജന്റെ കാര്യത്തിൽ ഇത്രയധികം പ്രതികൂലസ്ഥിതി ഉണ്ടാകാനുള്ള കാരണം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും നഗരസഭ ഇൗ പ്രവാസി സംരംഭകനോട് ഒട്ടും നീതിപൂർവമായല്ല പെരുമാറിയതെന്നാണ് സംഭവഗതികൾ പരിശോധിച്ചാൽ മനസിലാവുന്നത് നഗരസഭയിൽനിന്ന് അനുമതിപത്രം അനിശ്ചിതമായി വൈകിയപ്പോൾ പരിഹാരം തേടി സി.പി.എമ്മിന്റെ ഉന്നത നേതാക്കളെ കണ്ടതാണ്. എന്നാൽ അവർ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ജില്ലയിൽ നിന്നുള്ള മന്ത്രിയും പാർട്ടി ജില്ലാ സെക്രട്ടറിയും ശ്രമിച്ചിട്ടും പരിഹരിക്കാനാകാത്ത വിധം അത്ര വലിയ ഗുരുതരമായ പിഴവുകളാണ് ഉണ്ടായിരുന്നതെങ്കിൽ നഗരസഭയുടെ നടപടി ന്യായീകരിക്കാമായിരുന്നു. എന്നാൽ സംയുക്തപരിശോധനയിൽ ആവശ്യമായ അനുമതി ലഭിച്ചതായാണ് വിവരം. അനുമതിപത്രം വൈകിയപ്പോൾ കൺവെൻഷൻ സെന്റർ മൂന്ന് വിവാഹങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. ഇതും നഗരസഭയെ ചൊടിപ്പിച്ചിരിക്കണം. ഇൗ മൂന്ന് വിവാഹങ്ങൾക്കും സർട്ടിഫിക്കറ്റ് നൽകാതെയാണ് നഗരസഭ പ്രതികാരം തീർത്തത്. അധികാരത്തിന്റെ ശക്തി തിരിച്ചറിയാതെ പോയ പാവം പ്രവാസി ആകെ ഹതാശയനായതിനാലാകാം ജീവിതത്തിനുതന്നെ വിരാമമിടാനുള്ള കടുത്ത തീരുമാനമെടുത്തത് . പ്രവാസികൾ പണം ധൂർത്തടിക്കാതെ നാട്ടിൽ ഏതെങ്കിലും വ്യവസായ സംരംഭങ്ങളിൽ മുടക്കണമെന്നാണ് മന്ത്രിമാർ സദാ ഉദ്ബോധിപ്പിക്കാറുള്ളത്. ആ സാഹസത്തിനൊരുങ്ങുന്നവർ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങൾ അധികമൊന്നും പുറത്തുവരാറില്ല. സാജന്റേതുപോലുള്ള നടുക്കവും നൊമ്പരപ്പെടുത്തുന്നതുമായ ദാരുണ സംഭവമുണ്ടാകുമ്പോഴാണ് അധികാരസ്ഥാപനങ്ങളിൽനിന്ന് നേരിടേണ്ടിവരുന്ന കൊടുംക്രൂരതകളുടെ യഥാർത്ഥ ചിത്രം ജനങ്ങൾ കാണുന്നത്.