തിരുവനന്തപുരം: അടുത്തവർഷം മുതൽ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ ഓൺലൈനിലാക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ പറഞ്ഞു. എൻജിനിയറിംഗിന്റെ പാസ് ക്രെഡിറ്റ് 182ൽ നിന്ന് 162 ആക്കി. മിനിമം മാർക്ക് 45ൽ നിന്ന് 40 ഉം ആക്കി. ഒരു സെമസ്റ്ററിൽ ആറ് മൊഡ്യൂൾ എന്നത് അഞ്ച് ആക്കാനും 7, 8 സെമസ്റ്ററിൽ ഇന്റേൺഷിപ്പ് ക്രെഡിറ്റ് 15 ആക്കാനും തീരുമാനിച്ചു. ഇന്റേണലിനുള്ള മിനിമം മാർക്ക് ഒഴിവാക്കി. കലാകായിക മികവിന് ഗ്രേസ് മാർക്ക് ഏർപ്പെടുത്തും. പ്രാക്ടിക്കൽ പരീക്ഷകൾ യൂണിവേഴ്‌സിറ്റി തലത്തിലേക്ക് മാറ്റും.
ബി.ടെക് ഓണേഴ്‌സ്, ബി.ടെക് മൈനർ, ബി.ടെക് എന്നിങ്ങനെ മൂന്ന് എൻജിനിയറിംഗ് ബിരുദങ്ങളാണ് ഇനി മുതൽ നൽകാനുദ്ദേശിക്കുന്നത്. 2020- 21 അദ്ധ്യയനവർഷം മുതൽ തിയറി കുറച്ച് ഏതെങ്കിലും തൊഴിലിൽ നൈപുണ്യം നൽകുന്ന ബി. വോക് കോഴ്‌സ് ആരംഭിക്കും. വിശദപഠനങ്ങൾക്ക് ശേഷമേ ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുകയുള്ളുവെന്നും ആർ. രാമചന്ദ്രൻ, ഇ.കെ. വിജയൻ, ഗീതാഗോപി, വി.ആർ. സുനിൽകുമാർ, ഡോ. എൻ. ജയരാജ്, പി.ടി.എ. റഹിം, വി.കെ. ഇബ്രാഹിംകുഞ്ഞ്, ജോൺ ഫെർണാണ്ടസ്, പി.സി. ജോർജ്, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരെ മന്ത്രി അറിയിച്ചു.