തിരുവനന്തപുരം:കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നൽകി. ജനപ്രതിനിധികൾ പറഞ്ഞാലും ഉദ്യോഗസ്ഥർ അനുസരിക്കാത്തത് പുതിയ കാര്യമല്ല. സംഭവം ഗൗരവത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്റി അറിയിച്ചു.
പതിനഞ്ചു കോടി രൂപ ചെലവിട്ട് പണിത കൺവെൻഷൻ സെന്ററിന് നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി സാജൻ പാറയിൽ വീട്ടിൽ തൂങ്ങിമരിച്ചത്. സംഭവം സഭ നിറുത്തിവച്ച് ചർച്ചചെയ്യാൻ സണ്ണി ജോസഫ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, സി.പി.എമ്മിന് സർവാധിപത്യമുള്ള സ്ഥലത്തു നടന്ന ആത്മഹത്യയുടെ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഓഡിറ്റോറിയം നിർമ്മിക്കാൻ ആന്തൂർ നഗരസഭ 2016 ൽ അനുമതി നൽകിയിരുന്നെന്ന് തദ്ദേശ സ്വയംഭരണ മന്ത്റി എ.സി. മൊയ്തീൻ പറഞ്ഞു. 2019 ൽ നിർമ്മാണം പൂർത്തിയായി. ഒക്യൂപൻസിക്ക് അപേക്ഷിച്ചെങ്കിലും നിർമ്മാണത്തിൽ ചട്ടലംഘനങ്ങൾ കാട്ടി നഗരസഭ നോട്ടീസ് നൽകി. അപാകത പരിഹരിച്ചെന്നു കാട്ടി വീണ്ടും ഫയൽ എത്തിയപ്പോൾ പരിശോധിക്കാൻ അസിസ്റ്റന്റ് എൻജിനിയർക്ക് നിർദ്ദേശം നൽകി. അപാകത നിലനിൽക്കുന്നതായി എൻജിനിയറുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സാജൻ ആത്മഹത്യ ചെയ്തത്. നഗരസഭയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും മന്ത്റി പറഞ്ഞു.
ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് നഗരവകുപ്പ് റീജിയണൽ ഡയറക്ടറും, കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചോ എന്ന് ചീഫ് ടൗൺ പ്ളാനർ വിജിലൻസും പരിശോധിക്കും. രാഷ്ട്രീയ വിരോധത്താൽ അനുമതി നിഷേധിച്ചെന്നത് ശരിയല്ല. വ്യവസായം ആരംഭിക്കാൻ ഏറ്റവും സഹായകമായ നിലപാടാണ് സർക്കാരിന്റേത്. ഇതിന് തടസമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാജന്റെ ആത്മഹത്യയും പെർമിറ്റുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണത്തിലേ വ്യക്തമാകൂ എന്നും എ.സി. മൊയ്തീൻ പറഞ്ഞു.
പ്രവാസികൾക്ക്
പരലോകമോ?
സാജന്റെ ആത്മഹത്യയ്ക്കു പിന്നിൽ നഗരസഭയുടെ അനാസ്ഥയാണെന്ന് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തിൽ ആരോപിച്ചു. കെട്ടിടത്തിന് അന്തിമാംഗീകരം ലഭിക്കാത്തതിൽ സാജൻ നിരാശനായിരുന്നെന്ന് മാനേജർ വ്യക്തമാക്കിയിട്ടുണ്ട്.
പൂനലൂരിൽ സുഗതനെന്ന വ്യവസായി ആത്മഹത്യ ചെയ്തത് എ.ഐ.വൈ.എഫ് പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി നിർമ്മാണം തടഞ്ഞതിനാലാണ്. ജില്ലാ ടൗൺ പ്ലാനർ ക്ലീൻ ചിറ്റ് നൽകിയിട്ടും സാജന് ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കിൽ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കു മാത്രമല്ല. ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നെന്നാണ് വിവരമെന്നും പൊലീസ് ഇത് കണ്ടെത്താത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. പ്രവാസി വ്യവസായികളെ പരലോകത്തേക്ക് അയയ്ക്കുന്ന നിലപാടാണ് സർക്കാരിനെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.