തിരുവനന്തപുരം: മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ഭയന്ന് വീടിന്റെ ടെറസിൽനിന്ന് അടുത്ത വീടുകളിലെ ടെറസുകളിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണു പരിക്കേറ്ര യുവാവ് മരിച്ചു. ചെറിയതുറ ഫിഷർമെൻ കോളനിയിൽ ശ്രീജയുടെ ഭർത്താവ് റൊമാൾഡെന്ന മണിക്കുട്ടനാണ് (32) മരിച്ചത്. ചെറിയതുറ പുതുവൽ പുത്തൻ വീട്ടിൽ ആന്റണി- ലില്ലി ദമ്പതികളുടെ മകനായ റൊമാൾഡ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചെറിയതുറ വെടിവയ്പിന് ഇടയാക്കിയ സംഭവത്തിലെ പ്രതിയായ കൊമ്പ് ഷിബുവിന്റെ സഹോദരനാണ് ഇയാൾ.
ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. വലിയതുറ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്. നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ താത്കാലിക തൊഴിലാളിയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയ റൊമാൾഡ് ഭാര്യ ശ്രീജയെ ദേഹോപദ്രവം ഏല്പിക്കുന്നതായി ഭാര്യ മാതാവ് അറിയിച്ചതനുസരിച്ചാണ് വലിയതുറ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ റൊമാൾഡ് വീടിന്റെ ടെറസിൽ കയറി അടുത്തടുത്തുള്ള വീടുകളുടെ ടെറസുകൾവഴി ചാടി ഓടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസും വീട്ടുകാരും പരിസരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തിരികെ പോകാൻ തുടങ്ങിയ പൊലീസിനോട് റൊമാൾഡിനെ കൂട്ടിക്കൊണ്ടുപോകണമെന്നും ഇല്ലെങ്കിൽ വീണ്ടും പ്രശ്നമുണ്ടാക്കുമെന്നും ഭാര്യയും ബന്ധുക്കളും പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചെറിയതുറയിലെ ആളൊഴിഞ്ഞ സ്ഥലത്തെ മതിലിന് സമീപം ഒരാൾ പരിക്കേറ്റ് കിടക്കുന്നതായി പ്രദേശവാസി അറിയിച്ചത്. പൊലീസെത്തിയപ്പോൾ കൈത്തണ്ടയിൽ പരിക്കേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്നു ഇയാൾ. വീടിന് മുകളിൽ നിന്നു ചാടിയപ്പോൾ മതിലിലോ മറ്റോ തട്ടി പരിക്കേറ്റതാകുമെന്ന് പൊലീസ് പറഞ്ഞു.
ആംബുലൻസ് വരുത്തി ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമാണ് പൊലീസ് ഇയാളെ ഫോർട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. ബോധം വീണ്ടുകിട്ടിയപ്പോൾ വീണ്ടും ബഹളം കൂട്ടിയ ഇയാൾക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയും പുലർച്ചെ മൂന്നുമണിയോടെ മരിക്കുകയുമായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്താൻ താമസിച്ചെന്നാരോപിച്ച് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ ബഹളം വച്ചു . പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ ചെറിയതുറ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകുമെന്ന സാദ്ധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. റൊമാൾഡ്-ശ്രീജ ദമ്പതികൾക്ക് മൂന്നര വയസുള്ള മകളുണ്ട്.