manoj
മനോജ് എബ്രഹാം

തിരുവനന്തപുരം: കേരള പൊലീസിന്റെ വീരഗാഥ പഠിക്കാൻ റഷ്യൻ പൊലീസൊരുങ്ങുന്നു. നഗരങ്ങളിലെ പൊലീസിംഗ്, ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് സംവിധാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) ഉപയോഗിക്കുന്ന കാമറാ നിരീക്ഷണം, സൈബർഡോം എന്നിവയുടെ ഗുട്ടൻസറിയാൻ കേരള പൊലീസിനെ റഷ്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇതിനായി അഡിഷണൽ ഡി.ജി.പി മനോജ് എബ്രഹാം മോസ്കോയിലേക്ക് പോകും. പുതിയ ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിന്റെ ഭാഗമായാണ് റഷ്യൻ പൊലീസ് ഇക്കാര്യങ്ങൾ പഠിക്കുന്നത്.

പ്രധാനറോഡുകളിലും അപകടസാദ്ധ്യത കൂടിയ ഇടങ്ങളിലും ആധുനിക സാങ്കേതികവിദ്യയുള്ള കാമറകൾ സ്ഥാപിച്ച് നിയമലംഘനം കണ്ടെത്താനുള്ള 'ഇന്റഗ്രേറ്റഡ് ഡിജിറ്റൽട്രാഫിക് എൻഫോഴ്സ്‌മെന്റ്" സംവിധാനമാണ് റഷ്യൻ പൊലീസിനെ ആകർഷിച്ചത്. കാമറകൾ ബന്ധിപ്പിച്ചിട്ടുള്ള കേന്ദ്രീകൃത മോണിട്ടറിംഗ് സെന്ററിൽ നിന്ന് നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാം. 180 കോടി ചെലവുള്ള പദ്ധതി പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ടെൻഡർ വിളിച്ചിരിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിക്കുന്ന കാമറകൾക്ക് കുറ്റവാളികളെ തിരിച്ചറിയുന്നതിനും ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നതിനും കഴിയും. വാഹനം തടഞ്ഞുള്ള പരിശോധനയ്‌ക്ക് പകരം പൊലീസ് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പരിശോധനാ പദ്ധതിയിലും റഷ്യൻപൊലീസ് ആകൃഷ്ടരായി. സേനാംഗങ്ങളുടെ മൊബൈലിൽ അത്യാധുനിക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനം ലോകബാങ്ക് സഹായത്തോടെയാണ് നടപ്പാക്കുക.

സൈബർസുരക്ഷ, സൈബർകുറ്റാന്വേഷണം, സൈബർതീവ്രവാദം തടയൽ, സൈബർപട്രോൾ എന്നിവയ്‌ക്കായി വിദഗ്‌ദ്ധരെയടക്കം ഉൾപ്പെടുത്തിയുള്ളതാണ് സൈബർഡോം. എൻജിനിയറിംഗ് വിദ്യാർത്ഥികളും ഇതിന്റെ ഭാഗമാണ്. ഉത്തർപ്രദേശിലെ ഡയൽ - 100 പദ്ധതി, മുംബയ് അധോലോകത്തെ അടിച്ചമർത്തുന്ന ഓപ്പറേഷൻ എന്നിവയെക്കുറിച്ച് പഠിക്കാൻ രണ്ടിടത്തെയും ഉദ്യോഗസ്ഥരെയും റഷ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സ്‌മാർട്ട് പൊലീസ്

 നഗരമാകെ ഒറ്റ നിരീക്ഷണ - നിയന്ത്രണ സംവിധാനത്തിന് കീഴിലാക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ

ഏത് അടിയന്തര സാഹചര്യവും നേരിടാം. കളക്ടറും പൊലീസ് കമ്മിഷണറും മേധാവികൾ.

 ഗതാഗതവും ദുരന്തനിവാരണവും മുതൽ കുടിവെള്ള വിതരണം വരെ കമാൻഡ് സെന്ററിൽ നിയന്ത്രിക്കാം

 പൊലീസ്, ഫയർഫോഴ്സ്, ജില്ലാഭരണകൂടം, റവന്യൂ, ദുരന്തനിവാരണം,പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ജലഅതോറിട്ടി, ഫിഷറീസ്, നഗരസഭ ഒരുകുടക്കീഴിൽ.

 റോഡിലെ തിരക്കിനനുസരിച്ച് സിഗ്നലുകളുടെ സമയം സ്വയം ക്രമീകരിക്കാൻ കഴിയുന്ന സെൻസറുകളടങ്ങിയ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം.

 തിരക്കില്ലാത്ത സമയത്ത് ട്രാഫിക് സിഗ്നൽ ഓഫാക്കി മറുവശത്തു നിന്നുള്ള വാഹനങ്ങളെ സ്വയം കടത്തിവിടും. അത്യാവശ്യഘട്ടത്തിൽ ഒരുവശത്ത് ഗ്രീൻചാനൽ സംവിധാനമൊരുക്കാം.

'സിറ്റി പൊലീസിംഗിലെ നല്ല മാതൃകകൾ റഷ്യൻപൊലീസ് പഠിക്കുകയാണ്. നമ്മുടെ സാങ്കേതികവിദ്യകൾ റഷ്യയിൽ ഉപയോഗിക്കും. കേരള പൊലീസിനുള്ള അംഗീകാരമാണിത്".

- മനോജ് എബ്രഹാം, അഡിഷണൽ ഡി.ജി.പി