നേമം:ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പുതുതായി സ്ഥാപിക്കുന്ന സി.സി ടിവി കാമറകളുടെ നിരീക്ഷണം സംബന്ധിച്ച ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി ആൾക്കാരെ പറ്റിച്ചതുമായി ബന്ധപ്പെട്ട യുവതിക്കെതിരെ കബളിപ്പിക്കലിനിരയായവർ കോടതിയെ സമീപിച്ചു. ഏകദേശം മൂന്ന് മാസം മുമ്പായിരുന്നു കേസിനിടയാക്കിയ സംഭവം. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന യുവതിയാണ് ആൾക്കാരെ കബളിപ്പിച്ചത്. ഇവർ വിഴിഞ്ഞം മുക്കോല സ്വദേശിനിയാണ്. വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. ഇവർക്കെതിരെ പത്തോളം പരാതികൾ നേമം സ്റ്റേഷനിൽ എത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിവിധ ആൾക്കാരിൽ നിന്ന് വാങ്ങിയ 5000 രൂപ മുതൽ 70,000 രൂപ വരെയുളള തുകകൾ പല തവണയായി മടക്കി നൽകാമെന്ന ഉറപ്പിൻമേൽ യുവതിയെ വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ പണം നൽകാനുളളവരിൽ ചിലർക്ക് മാത്രം തുക നൽകിയ ശേഷം വീണ്ടും മുങ്ങുകയായിരുന്നു. പണം ലഭിക്കാനുളള ചിലരാണ് ഇപ്പാേൾ കോടതിയെ സമീപിച്ചത്. നേമം സ്റ്റേഷൻ പരിധിയിലാണ് യുവതി ജോബ് കൺസൾട്ടിംഗ് സ്ഥാപനം നടത്തി വന്നിരുന്നത്. അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.