sudhakaran

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ ടെൻഡർ ചെയ്യുമ്പോൾ പരിശോധന കർശനമാക്കുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. നടപടികൾ ലഘൂകരിക്കുന്നതും പരിഗണനയിലുണ്ട്.

രണ്ടും മൂന്നും പ്രവൃത്തികളുടെ കരാറെടുത്തിട്ട് ഒരു വർക്ക് പോലും തുടങ്ങാത്ത സാഹചര്യമുണ്ട്. ഒരു പ്രവൃത്തി ചെയ്തുതീർക്കാൻ ആവശ്യമായ തുകയെക്കാൾ കുറഞ്ഞ തുക കാണിച്ച് കരാറെടുക്കുന്ന പ്രവണതയും നിലനിൽക്കുന്നു. ഇതെല്ലാം നിർമ്മാണത്തിന്റെ നിലവാരത്തെ ബാധിക്കും. നിലവിലെ ചില നടപടികൾ കാരണം ടെൻഡർ ജോലികൾ നീണ്ടുപോകുന്ന സ്ഥിതിയുമുണ്ട്. ഇതിനെല്ലാം മാറ്രം വരുത്താനാണ് ആലോചിക്കുന്നത്. 300 ലേറെ പാലങ്ങളുടെ നിർമ്മാണം കർശനമായി പരിശോധിച്ചുവരികയാണ്.

ഇ. ശ്രീധരന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടം പാലം പൊളിച്ചു പണിയണോ, അതോ അടിത്തറയിൽ നിന്ന് വീണ്ടും പണിയണോ എന്ന് തീരുമാനിക്കും. ഏതായാലും ഈ സർക്കാർ അത് പൂർത്തിയാക്കും. ടെൻഡർ ഇല്ലാതെ പൊതുമരാമത്ത് വകുപ്പ് ഒരു കരാറും നൽകിയിട്ടില്ല.

സർവേ സംബന്ധമായ കാര്യങ്ങൾക്ക് സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലേർപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മതിയായ സാമ്പത്തിക സഹായം കിട്ടുന്നുണ്ട്.

2015ലെ വിജിലൻസ് റിപ്പോർട്ടനുസരിച്ച് പൊതുമരാമത്ത് വകുപ്പിൽ ഒരു വർഷം സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 1500 കോടിയോളം രൂപയുടെ കോഴ ഇടപാടാണ് നടന്നിരുന്നത്. ഇപ്പോൾ അതെല്ലാം അവസാനിപ്പിച്ചു. ഏറ്റവും കുറഞ്ഞ ചെലവിലും വേഗത്തിലും അതിവേഗ റെയിൽപ്പാത നിർമ്മിക്കുമെന്നും സുധാകരൻ പറ‌ഞ്ഞു.