തിരുവനന്തപുരം: കിലോ ഗ്രാമിന് 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാനമായതായി മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. സംഭരിക്കുന്ന തേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കുന്നതിന് പ്രോസസിംഗ് ചാർജായി കേരഫെഡിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കും കിലോയ്ക്ക് 9.10 രൂപ നിരക്കിൽ മുൻകൂർ അനുവദിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് കേരഫെഡിന് കീഴിൽ പ്രവർത്തിക്കുന്ന 900 ഓളം സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ എന്നിവ വഴി പച്ചത്തേങ്ങ സംഭരണം എത്രയുംവേഗം ആരംഭിക്കാനാണ് തീരുമാനം. ആഗസ്റ്റ് ആദ്യവാരം നാളികേരത്തിന്റെ മൂല്യവർദ്ധനയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനതല ശില്പശാലയും സംഘടിപ്പിക്കും.