വായന പക്ഷാചരണത്തിന് തുടക്കമായി
തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ വളർച്ച പുസ്തകങ്ങളുടെ സംരക്ഷണത്തിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാകുന്നത് സാങ്കേതിക വിദ്യയുടെ ഗുണവശമാണ്. വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും വലിയ തോതിൽ പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വലിയ പ്രോത്സാഹനമാണ് നൽകിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എന്റെ എഴുത്തുപെട്ടി' എന്ന പേരിൽ കുട്ടികളുടെ സൃഷ്ടികളും വായിച്ച കൃതികളെ പറ്റിയുള്ള അഭിപ്രായവും എഴുതിയിടാൻ എല്ലാ വിദ്യാലയങ്ങളിലും പെട്ടികൾ സ്ഥാപിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. 'എന്റെ എഴുത്തുപെട്ടി'യിലെ മികച്ച രചനകൾ തിരഞ്ഞെടുത്ത് പുസ്തകമാക്കാൻ ലൈബ്രറി കൗൺസിൽ മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ പി.എൻ പണിക്കർ അനുസ്മരണപ്രഭാഷണം നടത്തി. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, കൗൺസിലർ എം.വി. ജയലക്ഷ്മി, സ്‌കൂൾ പ്രിൻസിപ്പൽ വസന്തകുമാരി, ഹെഡ്മാസ്റ്റർ ഒ.എം. സലിൽകുമാർ, പി.ടി.എ പ്രസിഡന്റ് എം.ടി. സുരേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.എസ്. വിനോദ് നന്ദിയും പറഞ്ഞു.