കുഴിത്തുറ: ഇറിഡിയം നൽകാമെന്നു പറഞ്ഞ് വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂവർ സംഘം പിടിയിൽ. ശുചീന്ദ്രം സിയോൺപുരം സ്വദേശി ജോൺ ആൽവിൻ, പ്രഭു, കൊട്ടാർ ഗണേഷപുരം സ്വദേശി സതീഷ്‌കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 57 പവന്റെ സ്വർണവും ഇറിഡിയവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കന്യാകുമാരി ഡി.എസ്.പി ഭാസ്കരന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പൊലീസ് മയിലാടിയിൽ നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ എത്തിയ ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽ നിന്നു സ്വർണവും ഇറിഡിയവും കണ്ടെടുത്തത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു