കിഫ്ബി പോലുള്ള സംഗതികളിൽ നിന്ന് ഇടയ്ക്കിടെ കിഴുക്ക് കിട്ടുന്നുണ്ടെങ്കിലും മരാമത്ത് വകുപ്പിനെ കവിയായ മന്ത്രി ജി. സുധാകരൻ കാവ്യാത്മകമായി കൊണ്ടുപോകുന്നുവെന്ന് നിരീക്ഷിക്കുന്നത് കെ.എം. ഷാജിയാണ്. മന്ത്രി സുധാകരൻ കിഫ്ബി പദ്ധതികളെപ്പറ്റി പറയുമ്പോൾ സഭയിൽ ഇടയ്ക്കിടെ 'കിംഫി' എന്ന് പറയുന്നത് അതുകൊണ്ടാണെന്ന് ഷാജിയിലെ നിരൂപകൻ തിരിച്ചറിഞ്ഞിരിക്കുന്നു. കവിഭാവനയിൽ ഒളിഞ്ഞുകിടക്കുന്ന കാല്പനികഭംഗി ധനമന്ത്രി ഐസക് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഐസക് മന്ത്രിയുടെ കിഫ്ബി വിളക്കിന്റെ വെളിച്ചം മരാമത്ത് വകുപ്പിൽ പകർത്താൻ മന്ത്രി സുധാകരന് സാധിക്കുന്നുണ്ടെന്നാണ് പക്ഷേ കെ.വി. അബ്ദുൾഖാദറിന്റെ ബോദ്ധ്യം.
വകുപ്പ് മരാമത്തും മന്ത്രി കവിയും ആയത് കൊണ്ട് സഭയാകെ 'ഉപമ കാളിദാസസ്യ' മട്ടിലായിരുന്നു. ആധുനികകാലത്തെ കേരള ഭാഗീരഥനോട് മന്ത്രി സുധാകരനെ മുല്ലക്കര രത്നാകരൻ ഉപമിച്ചു. രാജ്യത്തിന് ജലമെത്തിക്കാൻ ഗംഗയെത്തന്നെ കൊണ്ടുവന്ന ഭാഗീരഥന്റെ പ്രയത്നമാണ് അസാധാരണമായ സത്യസന്ധതയും പ്രതിഭയും അദ്ധ്വാനവും കൈമുതലായുള്ള സുധാകരനും നടത്തുന്നതെന്നാണ് ഭാഷ്യം. പക്ഷേ രാജ്യത്തെ ജനാധിപത്യത്തിന്റെ റോഡാകെ തകർന്നു തരിപ്പണമായിക്കിടക്കുന്നതിൽ അദ്ദേഹം വ്യസനിക്കുന്നു. നെഹ്റു തൊട്ട് രാഹുൽഗാന്ധി വരെയുള്ളവരുടെ ചരിത്രവും വർത്തമാനവും ചികഞ്ഞ് മുല്ലക്കര അതിന്റെ കാര്യകാരണങ്ങളിലേക്ക് കടന്നു. കോൺഗ്രസിലെ മക്കൾരാഷ്ട്രീയത്തിന്റെ കുഴപ്പം വിവരിച്ച മുല്ലക്കരയ്ക്ക് കെ.എം. ഷാജിയിൽ നിന്ന് മറുപടിയുണ്ടായി: 'നാട്ടുകാരെ കാണിക്കാൻ കൊള്ളാത്ത മക്കളുണ്ടായിപ്പോയെങ്കിൽ ഞങ്ങളെ പറഞ്ഞിട്ട് കാര്യമുണ്ടോ?' ഒരു മകനുണ്ടാക്കിയ പൊല്ലാപ്പ് വാർത്തകളിൽ നിറയുന്ന ദിവസത്തെ ഈ ചോദ്യത്തിൽ ചില 'ദുസ്സൂചന'കളടങ്ങിയിട്ടുണ്ടെന്ന് ന്യായമായും സംശയിക്കാം.
നല്ല ഹിന്ദുക്കളാണ് ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പിൽ തോല്പിച്ചതെന്ന് ഷാജി കരുതുന്നു. മതില് പണിയാൻ വന്ന പെണ്ണുങ്ങൾക്ക് തേപ്പുമറിയാമെന്ന് തെളിയിച്ചത് സി.പി.എമ്മിനെ തിരഞ്ഞെടുപ്പിൽ തേച്ചൊട്ടിച്ചതിലൂടെയാണത്രേ. കഴിഞ്ഞ യു.ഡി.എഫ് ഭരണം വരുമെന്ന് മുൻകൂട്ടി കണ്ടാണ് പഞ്ചവടിപ്പാലം സിനിമയുണ്ടാക്കിയതെന്ന് മുരളി പെരുനെല്ലി ഭാവനയിൽ കണ്ടു. ആ ഭരണം തുടർന്നെങ്കിൽ കമ്പിയില്ലാ, സിമന്റില്ലാ പാലം പണിയൽ ഗിന്നസ്ബുക്കിൽ ഇടംപിടിച്ചേനെയെന്ന് പാലാരിവട്ടം മേല്പാലത്തെ സൂചിപ്പിച്ച് മുരളി പരിഹസിച്ചു.
പാലം തേങ്ങയടിച്ച് ഉദ്ഘാടനം ചെയ്യാനൊരുങ്ങിയ മന്ത്രിയോട് സൂക്ഷിച്ച് അടിക്കണമെന്ന് കോൺട്രാക്ടർ രഹസ്യമായി പറഞ്ഞ കഥ എം. മുകേഷ് അവതരിപ്പിച്ചു. സിമന്റില്ലാത്ത പാലം തേങ്ങയുടെ ബലം താങ്ങില്ല എന്നതുകൊണ്ടാണ് കോൺട്രാക്ടർ മന്ത്രിയോട് ഇക്കാര്യം ഓർമ്മിപ്പിച്ചതെന്നാണ് കഥയുടെ ക്ലൈമാക്സ്. വ്യംഗ്യം പാലാരിവട്ടം മേല്പാലം തന്നെ. അഗ്നിബാധയുണ്ടാക്കുന്ന അസ്ത്രങ്ങളെ കണ്ട് യുദ്ധമുഖത്ത് നിന്ന് രാജകുമാരനെയും പേറി പിന്തിരിഞ്ഞോടിയ ആന സ്വന്തം പടയാളികളെ ചവിട്ടിമെതിച്ചിട്ട് തിരിച്ചുവന്നപ്പോൾ ഞാൻ ഒന്നാമനായി, പക്ഷേ നമ്മൾ തോറ്റു എന്ന് പറഞ്ഞ രാജകുമാരന്റെ കഥ ജോൺഫെർണാണ്ടസിന്റെ വകയായിരുന്നു. കഥയ്ക്ക് പിന്നിലെ 'കഥ'യ്ക്ക് പ്രേരണ രാഹുൽഗാന്ധിയും വയനാടും. കോൺഗ്രസിനെ കുറ്റം പറയുന്ന ഭരണപക്ഷത്തെ കണ്ട തിരുവഞ്ചൂർ രാധാകൃഷ്ണന് വെന്റിലേറ്ററിൽ കിടക്കുന്നവൻ പുറത്തേക്ക് നോക്കി ദേ, അവന്റെ കാലൊടിഞ്ഞു എന്ന് പറയുന്നത് പോലെ അനുഭവപ്പെട്ടു.
ശബരിമല ആചാരസംരക്ഷണത്തിന് ലോക്സഭയിൽ സ്വകാര്യബില്ല് കൊണ്ടുവന്ന പ്രേമചന്ദ്രനെ എം. വിൻസെന്റ് അഭിനന്ദിച്ചു. ബില്ലവതരിപ്പിക്കാനൊരുമ്പെട്ട തനിക്ക് സാധിക്കാതെ പോയതിലുള്ള നൊമ്പരവും പങ്കുവച്ചു. ഓരോ അമ്പലത്തിലെയും ആചാരത്തിന് ഓരോ നിയമമുണ്ടാക്കാനാവുമോയെന്നതെല്ലാം ഭരണഘടനയ്ക്ക് പുറത്തുള്ള വിഷയമായതിനാൽ വല്ലാതെ ആഹ്ലാദിക്കേണ്ടെന്നാണ് മന്ത്രി സുധാകരന്റെ ഓർമ്മപ്പെടുത്തൽ.
വ്യവസായസംരംഭത്തിനായി പ്രവാസികളെ വരുത്തിയിട്ട് അവരെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയത് അടിയന്തരപ്രമേയ നോട്ടീസിൽ സണ്ണി ജോസഫാണ്. തളിപ്പറമ്പിലെ പ്രവാസിവ്യവസായിയുടെ ആത്മഹത്യയ്ക്കുത്തരവാദികളാരായാലും കർശനനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പുണ്ടായെങ്കിലും പ്രവാസിക്കൊരു കയർ പദ്ധതിയാണ് ഇടതുപക്ഷം അടുത്തതായി അവതരിപ്പിക്കാൻ പോകുന്നതെന്ന് എം.കെ. മുനീർ പരിഹസിക്കാതിരുന്നില്ല.