2

വിഴിഞ്ഞം: കടലിന്റെ മക്കൾക്ക് മൺസൂൺ കാല രക്ഷയ്ക്കായി 'കടൽസൈന്യം' റെഡി. പ്രളയക്കെടുതിയിൽ ആയിരങ്ങളെ രക്ഷിച്ചവർ ഇനി 52 നാളുകൾ കടൽകാക്കും. തീരദേശ പൊലീസിന്റെ താത്കാലിക ലൈഫ് ഗാർഡുമാരായാണ് വിഴിഞ്ഞത്ത് ഒൻപതു പേരെ നിയമിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 40 പേരിൽ നിന്നും ഗോവയിൽ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് വിഴിഞ്ഞത്തെ ലൈഫ് ഗാർഡുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വിഴിഞ്ഞം സ്വദേശികളായ ഫ്രെഡി (37), പനിയടിമ (42), പൂന്തുറ സ്വദേശി സുരേഷ് (35), പ്രവീൺ (35) എന്നിവരാണ് ഇപ്പോൾ വിഴിഞ്ഞത്ത് രക്ഷാസൈന്യത്തിലുള്ളത്. പ്രളയത്തിൽ പത്തനംതിട്ട, പന്തളം, റാന്നി, ചെങ്ങന്നൂർ, തകഴി എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ഊർജ്ജവുമായാണ് ഇവർ ദൗത്യമേറ്റെടുത്തിരിക്കുന്നത്.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നിവ

ഗോവയിലെ പരിശീലനത്തിൽ ലഭിച്ചുവെന്നും ഏത് തിരയെയും കീറി മുറിച്ച്‌ രക്ഷാപ്രവർത്തനം നടത്താനുള്ള മനസുറപ്പ് ഉണ്ടെന്നും ഇവർ പറയുന്നു.

കടലിൽ ഏത് സമയത്തും അപകടം സംഭവിക്കാം, ആ സമയത്ത് പരിശീലനം ലഭിച്ചവരെ തേടിപ്പോകാതെ സ്ഥിരമായി രക്ഷാദൗത്യസംഘം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.