തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആരായിരുന്നു എന്നതിലെ ആശയക്കുഴപ്പം നീക്കി വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ജനതാദൾ-എസ് അംഗവും മുൻമന്ത്രിയുമായ മാത്യു ടി. തോമസ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി. മാത്യു.ടി. തോമസാണോ ആർ. ബാലകൃഷ്ണപിള്ളയാണോ എന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
നിയമസഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച, ഒന്ന് മുതൽ 14 വരെയുള്ള സഭകളുടെ ഹൂ ഈസ് ഹുവിൽ ആർ. ബാലകൃഷ്ണപിള്ളയെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി രേഖപ്പെടുത്തിയിരുന്നു. 1960ൽ 25 വയസ്. എന്നാൽ, നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധീകരിച്ച സപ്ലിമെന്റിൽ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലൊരു വ്യക്തത വേണം.
1934 ഏപ്രിൽ ഏഴാണ് ബാലകൃഷ്ണപിള്ളയുടെ ജനനത്തീയതിയെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ പുസ്തകത്തിലുണ്ട്. അങ്ങനെ വരുമ്പോൾ 1960 ഫെബ്രുവരി 22ന് രണ്ടാം നിയമസഭ നിലവിൽ വരുമ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 25 വയസും 10.5 മാസവും പ്രായമുണ്ടായിരിക്കണം. അതേസമയം തന്റെ ജനനത്തീയതി 1961 സെപ്തംബർ 27 ആണ്. താൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എട്ടാം നിയമസഭ നിലവിൽ വന്നത് 1987 മാർച്ച് 25ന് ആയിരുന്നു. അന്ന് തനിക്ക് 25 വയസും ആറു മാസവുമേ പ്രായമുള്ളൂ. ഈ സാഹചര്യത്തിൽ രേഖകളുടെ സൂക്ഷ്മപരിശോധന നടത്തി തെറ്റു തിരുത്താൻ നടപടി സ്വീകരിക്കണമെന്നാണ് സ്പീക്കറോട് മാത്യു.ടി. തോമസ് കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.