കിളിമാനൂർ : ഓടകളിൽ കൂടി ഒഴുകേണ്ട ജലം റോഡിലൂടെ ഒഴുകുന്നു. മഴ പെയ്താൽ റോഡേതാ ഓടയേതാ എന്നറിയാൻ പറ്റാത്ത സ്ഥിതിയാണ്. കിളിമാനൂരിൽ സംസ്ഥാന പാതയും ദേശീയ പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന കിളിമാനൂർ - പുതിയകാവ് റോഡിനാണ് ഈ ദുരവസ്ഥ. മഴക്കാല പൂർവ ശുചീകരണവും ഓട വൃത്തിയാക്കലുമൊക്കെ പതിവ് പോലെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയപ്പോൾ ഓടകളിൽ മാലിന്യം നിറഞ്ഞു.
ഓടകളിൽ കൂടി ഒഴുകേണ്ട മലിനജലം റോഡിലൂടെ ഒഴുകാനും തുടങ്ങി. റോഡിന് ഒരു വശത്ത് മാത്രമാണ് ഓടയുള്ളത്. അതും ചപ്പുചവറുകൾ നിറഞ്ഞ് ബ്ളോക്കായതോടെ മഴക്കാലത്ത് റോഡിലൂടെ വള്ളത്തിൽ സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ഓടകളിലെ മാലിന്യവും മലിന ജലവും റോഡിൽ മുട്ടോളം വെള്ളത്തിൽ ഒഴുകുമ്പോൾ പകർച്ചവ്യാധികൾ വന്നില്ലങ്കിലേ അദ്ഭുതമുള്ളു. ഓടയ്ക്ക് കുറുകെ കടന്നു പോകുന്ന പൈപ്പ് ലൈനുകളിലും മറ്റു കേബിളുകളിലും ഒഴുകിവരുന്ന മാലിന്യങ്ങൾ തടഞ്ഞിരിക്കുന്നതും പതിവാണ്. ഓടകൾക്ക് മുകളിൽ വലിയ വാഹനങ്ങൾ കയറ്റി സ്ലാബുകൾ പൊട്ടുകയും ഈ വിടവിൽ കൂടി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണ്. സംസ്ഥാന പാതകൾക്കരികിലെ ഓടകൾ വൃത്തിയാക്കി നടപ്പാത നിർമ്മിച്ചതുപോലെ ഇടറോഡുകളിലും ഇത് നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.