ksrtc

തിരുവനന്തപുരം: വരുമാന വർദ്ധന മാത്രം ലക്ഷ്യമായതോടെ, ലാഭകരമല്ലെന്ന പേരിൽ കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലകളിൽ നിന്ന് പിൻവലിച്ചത് ആയിരത്തോളം സർവീസുകൾ. ട്രാൻസ്പോർട്ട് ബസുകളെ മാത്രം ആശ്രയിച്ചിരുന്ന നാട്ടിൻപുറങ്ങളിലെ സാധാരണക്കാർ അതോടെ കോർപറേഷന്റെ സേവനമേഖലയ്ക്കു പുറത്തായി.

സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് രണ്ടു കാരണം പറഞ്ഞാണ്: വരുമാനക്കുറവും ഷെഡ്യൂൾ പരിഷ്കരണവും. ഗ്രാമീണ മേഖലയ്ക്കും ഇപ്പോൾ ടാ‌ർഗറ്റുണ്ട്. അതു കൈവരിക്കാൻ ഉദ്യോഗസ്ഥർക്ക് കുറുക്കുവഴികളുണ്ട്. ഒന്നുകിൽ,ഈ റൂട്ടിലെ ബസ് നിറുത്തലാക്കി ലാഭകരമായ റൂട്ടിൽ ഓടിക്കുക. അതിനേക്കാൾ എളുപ്പമാണ് ഓർഡിനറി ബസുകൾ ഫാസ്റ്റ് പാസഞ്ചർ ബോർഡു വച്ച് ഓടിക്കുന്നത്.

രാവിലെയും വൈകിട്ടും മാത്രം തിരക്കുള്ള ചില റൂട്ടുകളുണ്ട്. നഷ്ടമൊഴിവാക്കാൻ ഉച്ചനേരത്തെ ഒരു സർവീസ് മാത്രം റദ്ദാക്കിയാൽ മതി. മിക്കപ്പോഴും ചെയ്യുന്നത് റൂട്ട് അപ്പാടെ കട്ട് ചെയ്യലായിരിക്കും. ഏത് ഓണംകേറാ മൂലയിലും ഓടിക്കയറി നാട്ടിൻപുറത്തുകാരെ പട്ടണം കാണിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ എം.സി റോഡിലോ എം.ജി റോഡിലോ ദേശിയപാതയിലോ ഒക്കെ ഓടാനാണ് ഇഷ്ടം. ചെയിൻ സർവീസുകൾ തുടങ്ങാൻ മുകളിൽ നിന്ന് നിർദേശം കിട്ടിയാൽ വേറെ പല സർവീസും കട്ട് ചെയ്ത് അതു നടപ്പാക്കും.

ചില ദുരിത യാത്രകൾ

 കുണ്ടറ പുതിയില നിന്ന് ചാത്തന്നൂരിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസുണ്ടായിരുന്നു. അതു നിറുത്തി. ഇപ്പോൾ ജനം മൂന്നു കിലോമീറ്റർ ദൂരം എങ്ങനെയെങ്കിലുമൊക്കെ സഞ്ചരിച്ച് ആയൂർ റൂട്ടിലെത്തി ബസു പിടിക്കണം.

 കുന്നത്തൂർ പടിഞ്ഞാറെ കല്ലട നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള സർവീസ് റദ്ദാക്കിയതോടെ ഇവിടേയ്ക്ക് രാത്രിയിൽ ചെന്നെത്താൻ വഴിയില്ലാതായി. രാത്രിയിൽ ഈ ബസ് മാത്രമാണ് ഇവിടേക്ക് ഓടിയിരുന്നത്.ബസ് കിട്ടുന്ന ഏറ്റവും അടുത്ത സ്ഥലമായ കടപുഴയിലേക്ക് അഞ്ചു കിലോമീറ്റർ.

 ഭരണിക്കാവു നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ് നിലച്ചതോടെ തലസ്ഥാനത്തെത്താൻ രണ്ടു ബസ് മാറിക്കയറണം.

 റാന്നി ഡിപ്പോയിൽ നിന്നു മാത്രം ഒറ്റയടിക്ക് റദ്ദാക്കിയത് ആറു ബസുകൾ. പുതിയ റൂട്ടികളിൽ ചെയിൻ സർവീസുകൾ തുടങ്ങുന്ന കാലത്താണ് റാന്നി- കോട്ടയം ചെയിൻ സർവീസ് നിറുത്തിയത്. റാന്നിയിൽ നിന്ന് കണ്ണൂരിലെ കുടിയാൻമലയിലേക്കുള്ള ഫാസ്റ്റ് വെട്ടിച്ചുരുക്കി കോഴിക്കോട് വരെയാക്കി.

 ചവറ- പത്തനംതിട്ട റൂട്ടിൽ കെ.എസ്.ആർ.ടി.സി 15 മിനിട്ട് ഇടവിട്ട് സർവീസ് ആരംഭിച്ചപ്പോൾ ഈ റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസുകൾ പിന്മാറിയിരുന്നു. ഇപ്പോൾ അര മണിക്കൂർ കാത്തുനിന്നാൽ പോലും കെ.എസ്.ആർ.ടി.സി കിട്ടാത്ത അവസ്ഥ. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്ന് ഇൻഫോപാർക്ക് വഴിയുള്ള സർവീസുകളും ഇപ്പോഴില്ല.

പ്രതിദിന ടാർജറ്റ്

തെക്കൻ മേഖല 2.63 കോടി

മദ്ധ്യ മേഖല 2.54 കോടി

വടക്കൻ മേഖല 1.90 കോടി