തിരുവനന്തപുരം: വട്ടപ്പാറ ജംഗ്ഷനിൽ ഹോട്ടലിലെയും അറവുശാലകളിലെയും മാലിന്യവും കക്കൂസ് മാലിന്യവും ഒഴുക്കിവിട്ട് ഗോവിന്ദവിളാകം തോടിനെ മലിനമാക്കിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ജില്ലാ മെഡിക്കൽ ഓഫീസറും പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
വട്ടപ്പാറ ജംഗ്ഷന് സമീപമുള്ള അരുണിമ ഹോട്ടലിലെയും സമീപത്തുള്ള രണ്ട് പൗൾട്രി ഫാമുകളിലെയും അവശിഷ്ടങ്ങൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഹോട്ടലിലെ മലിനജലവും കക്കൂസ് മാലിന്യവും ടാങ്കിൽ ശേഖരിച്ച ശേഷം തോട്ടിലേക്ക് പമ്പ് ചെയ്യാറാണ് പതിവെന്ന് പരാതിയിൽ പറയുന്നു. കിണർ വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശവാസികൾ ഇക്കാരണത്താൽ മലിനജലമാണ് കുടിക്കുന്നത്. തോട്ടിൽ കുമിഞ്ഞുകൂടുന്ന കക്കൂസ് മാലിന്യത്തിന്റെ ദുർഗന്ധം കാരണം വീട്ടിനുള്ളിലിരുന്ന് ഭക്ഷണം പോലും കഴിക്കാൻ പറ്റില്ലെന്ന് പരാതിയുണ്ട്. ഹോട്ടലും പൗൾട്രിഫാമും നടത്താൻ ലൈസൻസ് നൽകിയ കരകുളം പഞ്ചായത്ത് നിയമ ലംഘനങ്ങൾക്ക് നിശബ്ദ പിന്തുണ നൽകുകയാണെന്നും പരാതിയിൽ പറയുന്നു. വട്ടപ്പാറ സ്വദേശിയുടെ പരാതിയിലാണ് നടപടി.