malayam

മലയിൻകീഴ്: പട്ടാപ്പകൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല പിടിച്ച് പറിച്ച കേസിൽ മലയം ശിവക്ഷേത്രത്തിന് സമീപം കാവടി വിള വീട്ടിൽ ജെ.ജയശങ്കറിനെ (28,ശംബു) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

മലയം ഇന്ദ്രനീലത്തിൽ വേലായുധൻനായരുടെ ഭാര്യ ശ്രീകല എസ്.നായരുടെ താലിയും മാലയുമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് ഹെൽമറ്റ് ധരിച്ചെത്തിയ ജയശങ്കർ തട്ടിയെടുത്തത്. സംഭവത്തെ തുടർന്ന് സി.ഐ അനിൽകുമാർ, എസ്.ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ശ്രീകലയുടെ വീടുമായി നിരന്തരം ബന്ധമുണ്ടായിരുന്ന ജയശങ്കർ മാല നഷ്ടപ്പെട്ടതിന് ശേഷം അവരുടെ വീട്ടിൽ പോയതുമില്ല. അതിന് പുറമേ ശ്രീകല തന്നെ തിരിച്ചറിഞ്ഞോ എന്ന സംശയവും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ഇയാളെ സ്റ്റേഷനിൽ വരുത്തി നടത്തിയ പരിശോധനയിൽ

ശ്രീകലയുടെ വീട്ടിലെ വിരലടയാളവും ജയശങ്കറിന്റെതും ഒന്നാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജയശങ്കറിന്റെ കട ശ്രീകലയുടെ വീടിന് സമീപത്താണ്. മാല ഊരിയെടുക്കുമ്പോൾ ശ്രീകല മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ധ്യാപികയായ മകളുടെ കുഞ്ഞിനെ സ്കൂളിൽ നിന്ന് വിളിക്കാനായി ശ്രീകല പുറത്തേക്ക് ഇറങ്ങിയെങ്കിലും സമയമാകാത്തതിനാൽ തിരികെ വന്ന് കട്ടിലിൽ കിടന്നു. ഇതിനിടെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് എണീറ്റപ്പോഴേക്കും ഹെൽമറ്റ് ധരിച്ചെത്തിയ ജയശങ്കർ ശ്രീകലയുടെ മുഖത്ത് പഞ്ഞിയിൽ മുക്കിയ

ക്ലോറോഫാം തേയ്ച്ചു. എന്നാൽ ക്ലോറോഫാം കാലഹരണപ്പെട്ടതായതിനാൽ ശ്രീകലയ്ക്ക് ബോധം നഷ്ടപ്പെട്ടില്ല. കുതറിമാറാൻ ശ്രമിക്കുന്നതിനിടെ നിലത്തു വീണ ഇവരുടെ കഴുത്തിൽ നിന്നും മാല ഊരി എടുക്കുകയായിരുന്നു. കാലിൽ ബലമായി പിടിച്ച ശേഷം ഹെൽമറ്റ് മാറ്റാൻ ശ്രമിച്ച ശ്രീകലയെ ചവിട്ടി വീഴ്ത്തി.

തുടർന്ന് ഇവരെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ട് കടന്നു കളയുകയായിരുന്നു.

സാമ്പത്തിക ബാദ്ധ്യത തീർക്കുന്നതിനാണത്രേ പിടിച്ചുപറി നടത്തിയത്. അടുത്തിടെയാണ് ജയശങ്കറിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗർഭിണിയുമാണ്. പിതാവിനൊപ്പം പല ചരക്ക് കടയിലും ചായതട്ടിലും സഹായിയായും കാറ്റിംഗ് ജോലിക്കും പോകാറുണ്ടായിരുന്നു. അഞ്ചരപവന്റെ മാല പൊറ്റയിലുള്ള അമ്മ ഫിനാൻസിലും താലിമാല മലയത്തെ മുത്തൂറ്റിലുമാണ് പണയം വച്ചത്. പൊലീസ് ജയശങ്കറുമായെത്തി മാലയും താലിയും കണ്ടെത്തി. ശ്രീകലയുടെ വീട്ടിൽ

ഇന്നലെ വൈകിട്ടോ‌ടെ തെളിവെടുപ്പ് നടത്തി. മാല ശ്രീകലയുടെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.