കാട്ടാക്കട: കാട്ടാക്കട കൈതക്കോണം അഴീക്കൽ തോട്ടിൽ ടാങ്കർ ലോറിയിൽ കൊണ്ട് വന്ന സെപ്ടിക് മാലിന്യം ഒഴുക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഇന്നലെ പുലർച്ചെ ഇതുവഴി പോയ നാട്ടുകാർക്ക് ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ തോട്ടിൽ മാലിന്യ നിക്ഷേപം കണ്ടെത്തുകയായിരുന്നു. നാടുകാണിയിൽ നിന്നും കൈതകോണം, ചാമവിള ,കുഴലാർ വഴി മൈലോട്ടുമൂഴിയിൽ എത്തുന്ന ജലം ഇവിടെ നിന്നും നെയ്യാറിലാണ് എത്തിച്ചേരുന്നത്. നിരവധി പേർ ആശ്രയിക്കുന്ന തോട്ടിൽ മലിനജലം ഒഴുകിയതോടെ മത്സ്യങ്ങളും ചത്തു പൊങ്ങി. കൈതകോണം ഭാഗത്ത് ഒഴുക്കിയ മാലിന്യം രാവിലെ തന്നെ വിദൂര ഭാഗങ്ങളിൽ വരെ എത്തി. സമീപത്തെ സി.സി.ടി.വി കാമറയിൽ മാലിന്യം ഒഴുക്കാൻ എത്തിയ ടാങ്കറിന്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പൂവച്ചൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, കാട്ടാക്കട പൊലീസും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് ജീവനക്കാർ തോട്ടിൽ ബ്ലീച്ചിംഗ് പൗഡർ ഉൾപ്പടെ വിതറി ശുചീകരണം നടത്തി. സുരക്ഷാ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മാലിന്യ നിക്ഷേപകരെ കണ്ടെത്തി കർശന നടപടികൾ കൈക്കൊള്ളാൻ പഞ്ചായത്തും പൊലീസും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.