തിരുവനന്തപുരം: യശ്ശശരീരനായ ഒളിമ്പ്യൻ സുരേഷ്ബാബുവിന്റെ പേരിലുള്ള ഒളിമ്പ്യൻ അവാർഡിന് മാനുവൽ ഫ്രെഡറിക്കിനെ തിരഞ്ഞെടുത്തു. 1972 ൽ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീം അംഗമാണ് മാനുവൽ. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കായിക രംഗത്തെ പത്രപ്രവർത്തക അവാർഡിന് ഏഷ്യാനെറ്റ് ചീഫ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ അടൂർ അർഹനായി. മറ്റ് അവാർഡുകൾ- ദൃശ്യമാദ്ധ്യമം റിപ്പോർട്ടിംഗ്- സി.ജി. അരുൺ സിംഗ് (മനോരമ ടി.വി), കാമറ- പ്രവീൺ എസ്.എസ് (ന്യൂസ്18), അച്ചടി മാദ്ധ്യമം റിപ്പോർട്ടിംഗ് - പി.ജെ.ജോസ് (മാതൃഭൂമി), ഫോട്ടോഗ്രാഫർ - ഹാരിസ് കുറ്റിപ്പുറം (മാധ്യമം). 23ന് കവടിയാർ സ്ക്വയറിൽ രാവിലെ 7.45ന് നടക്കുന്ന ഒളിമ്പിക് ദിനാചരണ സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ദിനാചരണ പരിപാടികൾ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ വി.സുനിൽകുമാർ, സെക്രട്ടറി എസ്.രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.