#പരിക്കിൽ നിന്ന് മോചിതനാകാത്ത ശിഖർ ധവാനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി
# ഋഷഭ് പന്ത് പകരക്കാരൻ
സതാംപ്ടൺ : ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിനെ നിശ്ചയിച്ചു.
ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന്റെ പന്ത് കൊണ്ടാണ് ധവാന്റെ ഇടതുകൈയ്ക്ക് പരിക്കേറ്റത്. എന്നാൽ വേദന കടിച്ചുപിടിച്ച് ബാറ്റിംഗ് തുടർന്ന ധവാൻ 109 പന്തുകളിൽ നിന്ന് 117 റൺസെടുത്താണ് പുറത്തായത്. ഈ ഇന്നിംഗ്സായിരുന്നു ആസ്ട്രേലിയയ്ക്കെതിരായ 36 റൺസ് വിജയത്തിന്റെ അടിത്തറ. പരിക്കേറ്റ ധവാന് കുറഞ്ഞത് മൂന്നു മത്സരങ്ങൾ നഷ്ടമാകും എന്നായിരുന്നു ടീം മാനേജ്മെന്റിന്റെ ആദ്യ വിലയിരുത്തൽ. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ ധവാന് കളിക്കാൻ കഴിയുമെന്ന് ആസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി അറിയിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ പകരക്കാരനെ വേണ്ടെന്ന നിലപാടിലായിരുന്നു ക്യാപ്ടൻ കൊഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും. എങ്കിലും ബി.സി.സി.ഐ കരുതലിനായി ഋഷഭ് പന്തിനെ ഇംഗ്ളണ്ടിലേക്ക് അയച്ചിരുന്നു. ടീമിന്റെ ഔദ്യോഗിക സ്റ്റാൻഡ് ബൈ ലിസ്റ്റിൽ പന്തും അമ്പാട്ടി റായ്ഡുവുമാണ് ഉണ്ടായിരുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് പന്ത് മാഞ്ചസ്റ്ററിൽ ടീമിനൊപ്പം ചേരുകയും ചെയ്തു.
ധവാന്റെ പരിക്ക് ഭേദമാകാൻ ജൂലായ് പകുതിയെങ്കിലുമാകും എന്ന മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. വിവിധ ഡോക്ടർമാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചശേഷമായിരുന്നു തീരുമാനം. ലോകകപ്പ് ടീം ആഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽ സുബ്രഹ്മണ്യമാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പകരക്കാരനായി പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ അനുമതി തേടി ഐ.സി.സിക്ക് കത്തെഴുതിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ഭുവിയുടെ പരിക്ക്
ശിഖർ ധവാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. പേസർ ഭുവനേശ്വർ കുമാറിന്റെ പരിക്കാണത്. 15 പേരടങ്ങുന്ന ടീമിന് മാത്രമാണ് ഐ.സി.സിയുടെ അനുമതിയുള്ളത്. 22 ന് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ പ്ളേയിംഗ് ഇലവൻ തിരഞ്ഞെടുക്കാൻ പരിക്കില്ലാത്ത 13 പേരേയുള്ളൂ. പരിക്കേറ്റവരെ ഒഴിവാക്കിയാലേ പകരക്കാരെ ടീമിലെടുക്കാനാകൂ. ലോകകപ്പിന് മുമ്പ് തന്നെ പ്രഖ്യാപിച്ച സ്റ്റാൻഡ് ബൈ ലിസ്റ്റിലുള്ളവരെ മാത്രമേ പകരക്കാരനാക്കാനും പാടുള്ളൂ. ഇതിനാലാണ് ഇന്നലെ തീരുമാനമുണ്ടായത്. ഭുവനേശ്വറിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഉടൻ പകരക്കാരനെ നിശ്ചയിച്ചതേയില്ല.
പന്തിന്റെ വരവ്
ഋഷഭിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് തന്നെ വിവാദമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഋഷഭ്. അഞ്ച് ഏകദിനങ്ങൾ മാത്രമേ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുള്ളൂവെങ്കിലും നിർഭയമായി ബാറ്റ് ചെയ്യുന്ന പന്ത് എതിരാളികൾക്ക് പേടി സ്വപ്നം തന്നെയാണ്.
21 കാരനായ പന്ത് ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ളണ്ട് ആസ്ട്രേലിയൻ പര്യടനങ്ങളിലെ ടെസ്റ്റുകളിൽ മികവ് കാട്ടിയിരുന്നു. കഴിഞ്ഞ ഐ.പി. എല്ലിൽ 160 സ്ട്രൈക്ക് റേറ്റിൽ 488 റൺസും നേടിയിരുന്നു.
ഓപ്പണിംഗിൽ രാഹുൽ
ഓപ്പണിംഗ് പൊസിഷനിൽ കെ.എൽ. രാഹുലാണ് ധവാന് പകരം കഴിഞ്ഞ മത്സരത്തിലിറങ്ങിയത്. പന്ത് ടീമിലെത്തിയാലും ഓപ്പണിംഗിൽ രാഹുൽ തന്നെ തുടരും.
ധവാൻ
@
ലോകകപ്പ്
2 മത്സരങ്ങൾ
125 റൺസ്
1 സെഞ്ച്വറി
17 ബൗണ്ടറി
0 സിക്സ്