തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ച ഹൈടെക്ക് അമ്മത്തൊട്ടിലിൽ മൂന്ന് കുരുന്നുകൾ കൂടിയെത്തി. ഇക്കഴിഞ്ഞ ശനി, ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും എത്തിയത്.
ലോകകപ്പിന്റെ ആവേശം നിറയുന്ന സന്ദർഭത്തിൽ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് അഥിതികൾക്ക് നൽകിയത്. ആൺകുട്ടികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട്‌കൊഹ്‌ലിയുടെ പേരിനു സമാനമായി 'വിരാട്' എന്നും മുൻനായകനും നിലവിലെ വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിംഗ് ധോണിയുടെ 'ധോണി' എന്നും പെൺകുഞ്ഞിന് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജിന്റെ 'മിഥാലി' എന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പി. പത്രക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ച രാത്രി 8 മണിക്കാണ് മൂന്ന് ദിവസം മാത്രം പ്രായംതോന്നിക്കുന്ന 2.4 കി.ഗ്രാം ഭാരമുളള ആൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത്. ചൊവ്വാഴ്ച പകൽ 12.30 നാണ് 3.2 കി.ഗ്രാം ഭാരമുളള നാല് ദിവസം മാത്രം പ്രായമുളള പെൺകുട്ടിയുടെ വരവ്. ബുധനാഴ്ച രാത്രി 7.30-നാണ് 4 ദിവസം പ്രായമുള്ള അവസാനത്തെ അതിഥി എത്തിയത്. ഭാരം 2.1കി.ഗ്രാം. ഇവരുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ദീപക് എസ്.പി. അറിയിച്ചു.