കിളിമാനൂർ: മകളെ കുത്തിവീഴ്‌ത്തുന്നത് തടയാനെത്തിയ ഭാര്യാമാതാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ നഗരൂർ പൊലീസ് പിടികൂടിയതായി സൂചന. കിളിമാനൂർ കുന്നുമ്മേൽ കടമുക്ക് കുന്നിൽവീട്ടിൽ സന്തോഷാണ് (35) നഗരൂർ പൊലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇയാൾ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ചൊവ്വാഴ്ച രാത്രി 8.30ന് നഗരൂർ പഞ്ചായത്തിലെ പാവൂർകോണം ഗേറ്റുമുക്കിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേസിലെ പ്രതിയായ സന്തോഷ് ഭാര്യ സതിയുമായി നിരന്തരം വഴക്കിടുമായിരുന്നു. സതി നിരന്തരം മറ്റാരെയോ ഫോൺ ചെയ്യുന്നതായി ആരോപിച്ചാണ് കുടുംബത്തിൽ കലഹം തുടങ്ങിയത്. ഇത് പലപ്പോഴും വാക്കുതർക്കത്തിലും കൈയാങ്കളിയിലും എത്തിയിരുന്നു. പ്രശ്‌നം നഗരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് സന്തോഷിനെ സതിയുടെ വീട്ടിൽ തത്കാലം പ്രവേശിക്കരുതെന്ന് പൊലീസ് വിലക്കി. എന്നാൽ ചൊവ്വാഴ്ച രാത്രി എട്ടോടെ തന്റെ വാഹനത്തിന്റെ രേഖകളെടുക്കാനായി സതിയുടെ കുടുംബവീടായ നഗരൂർ പാവൂർകോണം, ഗേറ്റുമുക്ക് കുന്നിൽവീട്ടിൽ സന്തോഷ് എത്തുകയും വീണ്ടും വഴക്ക് ആരംഭിക്കുകയുമായിരുന്നു. സന്തോഷിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ സതിയും കുത്തേറ്റ് മരിച്ച മാതാവ് വസുമതിയും ആവശ്യപ്പെട്ടതിൽ കുപിതനായ സന്തോഷ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സതിയുടെ കൈകളിലും വയറ്റിലും കുത്തുകയായിരുന്നു. മകളെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് തടയാനെത്തിയ വസുമതിയുടെ നെഞ്ചത്ത് സന്തോഷ് കത്തി കുത്തിയിറക്കി. സതി സമീപത്തെ വീട്ടിലേക്ക് ഓടിയതോടെ സന്തോഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അയൽവീട്ടുകാർ അറിയിച്ചതനുസരിച്ച് നഗരൂർ പൊലീസെത്തിയാണ് കുത്തേറ്റ് ചോരവാർന്ന് കിടന്ന വസുമതിയെയും പരിക്കേറ്റ സതിയെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. എന്നാൽ യാത്രാമദ്ധ്യേ വസുമതി മരിക്കുകയായിരുന്നു. സതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചു. സതി ഇപ്പോഴും ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. കൃത്യം നടത്തി മുങ്ങിയ സന്തോഷിനെ വട്ടപ്പാറയ്‌ക്ക് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച സ്‌കൂട്ടിയും കണ്ടെടുത്തിട്ടുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്‌തുപോയതാണെന്നും കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്നും പ്രതി സന്തോഷ് ഏറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രതിയെ രഹസ്യകേന്ദ്രത്തിൽ കൂടുതൽ ചോദ്യംചെയ്‌തുവരുകയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൊല നടന്ന വീട്ടിൽ വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് വിദ്ഗദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വസുമതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം ഇന്നലെ വൈകിട്ട് 5.30ന് വസുമതിയുടെ തണ്ണിക്കോണത്തെ ബന്ധുവീട്ടിൽ സംസ്‌കരിച്ചു. ബി. സത്യ‍ൻ എം.എൽ.എ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയിരുന്നു