മാഞ്ചസ്റ്റർ : ലോകകപ്പിന് മുന്നേ തുടങ്ങിയതാണ് അഫ്ഗാനിസ്ഥാൻ ടീമിലെ അന്തഛിദ്രങ്ങൾ. ഇപ്പോൾ ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിലും തോറ്റു തുന്നംപാടിയതോടെ ടീമിലെ പടല പിണക്കങ്ങളുടെയും തമ്മിലടിയുടെയും വാർത്തകൾ ഒാരോന്നായിപുറത്തുവരുന്നു.
കഴിഞ്ഞദിവസം ഇംഗ്ളണ്ടിനെതിരായ തോൽവിക്ക് ശേഷമുള്ള പരിശീലകൻ ഫിൽസമ്മൻസിന്റെ ട്വിറ്റ് പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയാണ് തുറന്നുകാട്ടിയത്. ലോകകപ്പ് കഴിഞ്ഞാലുടൻ മുൻ ചീഫ് സെലക്ടർ ദൗലത്ത് അഹമ്മദ് സായ് ടീമിൽ നടത്തിയ കുഴപ്പങ്ങൾ താൻ തുറന്നുപറയുമെന്ന ഭീഷണിയായിരുന്നു സിമ്മോൺസിന്റെ ട്വീറ്റ്.
ലോകകപ്പിന് തൊട്ടുമുമ്പാണ് അസ്ഗർ അഫ്ഗാനെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റി ഗുൽബാദിൻ നയ്ബിനെ നായകനാക്കിയത് സീനിയർ താരങ്ങളായ മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർക്ക് ഇതിൽ എതിർപ്പുണ്ടായിരുന്നത്രേ. ചീഫ് സെലക്ടറായിരുന്ന ദൗലത്ത് അഹമ്മദ് സായ്‌യാണ് ക്യാപ്ടൻസിയുടെ കാര്യത്തിൽ കളിക്കാർക്കിടയിൽ സ്പർദ്ധ വളർത്തിയത് എന്ന സൂചനയാണ് സിമ്മോൺസ് നൽകുന്നത്. പുതിയ ക്യാപ്ടൻ നയ്ബുമായി സീനിയർ താരങ്ങൾ സഹകരിക്കുന്നില്ലെന്ന വാർത്തകളുമുണ്ട്
അതിനിടെ ഇംഗ്ളണ്ടിനെതിരായ മത്സരത്തലേന്ന് രാത്രി ഭക്ഷണത്തിനായി റസ്റ്റോറന്റിൽ പോയ അഫ്ഗാൻ താരങ്ങൾ അവിടെവച്ച് തങ്ങളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ തല്ലിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നയ്ബിന്റെ ഭീഷണി
ഹോട്ടലിൽ അഫ്ഗാൻ താരങ്ങൾ ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ മർദ്ദിച്ച സംഭവത്തെക്കുറിച്ച് ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ ചോദ്യമുയർന്നത് അഫ്ഗാൻ ക്യാപ്ടൻ ഗുൽബാദിൻ നയ്ബിനെ ചൊടിപ്പിച്ചു തനിക്ക് അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും കൂടുതൽ ചോദിച്ചാൽ പത്രസമ്മേളനം മതിയാക്കുമെന്നും നയ്ബ് ഭീഷണിപ്പെടുത്തി.
നേരത്തെ തന്നെ ഇല്ലാത്ത പരിക്ക് ആരോപിച്ച് ടീമിൽനിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൊഹമ്മദ് ഷെഹ്സാദ് പരസ്യമായി രംഗത്തുവന്നിരുന്നു.
തമ്മിലടി ഇങ്ങനെ മൂക്കുന്നതിനിടെ അഫ്ഗാന് ലോകകപ്പ് സെമി കളിക്കാൻ കഴിയില്ലെന്ന കാര്യം ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ഇതുവരെ പോയിന്റ് പട്ടിക തുറക്കാത്ത ടീമാണ്ണ അഫ്ഗാൻ മഴപോലും അവരെ തുണച്ചില്ല. ശനിയാഴ്ച ഇന്ത്യയ്ക്കെതിരെയാണ് അടുത്ത മത്സരം.
റാഷിദിനെ കളിയാക്കി
ഐസ് ലാൻഡ്
മാഞ്ചസ്റ്റർ : ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ ഒൻപതോവറിൽ 113 റൺസ് വഴങ്ങി നാണംകെട്ട അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെ കളിയാക്കിയ ട്വിറ്റ് ക്രിക്കറ്റ് ലോകത്തെ പ്രമുഖരുടെ എതിർപ്പിനെത്തുടർന്ന് ഐസ് ലാൻഡ് ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു.
'ലോകകപ്പിൽ അഫ്ഗാന്റെ ആദ്യ സെഞ്ച്വറി റാാഷിദ് ഖാന് അടിച്ചെന്ന് കേട്ടു 56 പന്തുകളിൽ 110 റൺസ് ലോകകപ്പിൽ ഒരു ബൗളർ നേടുന്ന ഏറ്റവും കൂടുതൽ റൺസ്. മികച്ച ബാറ്റിംഗ് റാഷിദ്-എന്നായിരുന്നു ട്വീറ്റ്. ഇംഗ്ളീഷ് താരങ്ങളായ സ്റ്റുവർട്ട ബ്രോഡ്, ലൂക്ക് റൈറ്റ് തുടങ്ങിയവർ ഇതിനെതിരെ രംഗത്തുവന്നതോടെ ട്വീറ്റ് വിവാദമായതും പിൻവലിച്ചതും.