തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിന് ഇടയാക്കിയ കാർ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചു. കാർ അപകടത്തിൽപ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്‌കർ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡൽ വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള രംഗങ്ങൾ പുനരാവിഷ്‌കരിച്ചത്. ക്രൈംബ്രാഞ്ചിനൊപ്പം ഫോറൻസിക് ലാബിലെ ശാസ്ത്രജ്ഞർ, ടൊയോട്ട കമ്പനിയുടെ എൻജിനിയർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.
വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ സംഘം ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു. ശാസ്ത്രീയ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് സംഘം അറിയിച്ചതായി ഡിവൈ.എസ്.പി ഹരികൃഷ്‌ണൻ കേരളകൗമുദിയോട് പറഞ്ഞു.
ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. അപകട സമയത്തെ കൃത്യമായ സാഹചര്യം മനസിലാക്കാനാണ് അപകടം പുനരാവിഷ്‌കരിച്ചത്. തൃശൂർ ഭാഗത്തുനിന്നു വന്ന ബാലഭാസ്‌കറിന്റെ ഇന്നോവ കാറിനു പകരം, വെള്ള നിറത്തിലുള്ള ഇന്നോവ കാർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ് ലാലാണ് ഓടിച്ചത്. തൃശൂർ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് അതിവേഗത്തിൽ വന്ന കാർ ഒരു കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന് ബാലഭാസ്‌കറിന്റെ കാറിടിച്ച മരത്തിനു തൊട്ടടുത്ത് ബ്രേക്കിട്ടു നിർത്തി. പിന്നീട്, വേഗത കുറച്ച്, സ്റ്റിയറിംഗിന്റെ സ്ഥാനം മാറ്റാതെ മരത്തിൽ മുട്ടിച്ചു. മരത്തിലിടിച്ചാൽ എത്രത്തോളം നാശനഷ്ടമുണ്ടാകും, അതിവേഗം വന്നാൽ വാഹനം എതിർവശത്തേക്കു തിരിഞ്ഞ് മരത്തിലിടിക്കാൻ സാധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. വിവിധ രീതികളിൽ ഈ പരീക്ഷണം നടത്തി. ബാലഭാസ്‌കറിന്റെ വാഹനം കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നെത്തിയാണ് മരത്തിലിടിച്ചതെന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പുനരാവിഷ്കാരം.
അപകട സമയത്ത് ആരാണ് കാർ ഓടിച്ചിരുന്നത് എന്നതു സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. പരിക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അർജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തൽ. എന്നാൽ ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അർജുന്റെ മൊഴിയുമുണ്ട്. അതിനാൽ ശാസ്ത്രീയ തെളിവുകളിലൂടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടിക്കൂടിയാണ് വാഹനത്തിന്റെ സീറ്റ് ബെൽറ്റുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശൻ തമ്പിയും വിഷ്ണുവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രതികളായതോടെയാണ് വാഹനാപകടം സംബന്ധിച്ച് വീണ്ടും സംശയങ്ങളുണ്ടായത്.