സാൽവഡോർ : കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ആതിഥേയരായ ബ്രസീലിന് വിലക്ക് തടിയായി വാർ (വീഡിയോ അസിസ്റ്റന്റ് റഫറി). മൂന്നുതവണ വെനിസ്വേലർ വല കുലുക്കിയെങ്കിലും വാറിലൂടെ ഇതെല്ലാം നിഷേധിക്കപ്പെട്ടബ്രസീൽ ഒടുവിൽ ഗോൾ രഹിത സമനിലയുമായി മടങ്ങി.
വാർ I
39-ാം മിനിട്ട്
ഡാനി ആൽവ്‌സിന്റെ പാസിൽ നിന്ന് റോബർട്ടോ ഫിർമിനോ വല കുലുക്കുന്നു. ആദ്യം ഗോൾ അനുവദിക്കാനൊരുങ്ങിയ റഫറി വീഡിയോ റഫറൽ സിസ്റ്റം പരിശോധിച്ചശേഷം ഗോൾ നിഷേധിക്കുന്നു. ഗോളടിക്കാനുള്ള ശ്രമത്തിനിടെ ഫിർമിനോ വെനിസ്വേലൻ താരം വിയാനുയേവയെ ഫൗൾ ചെയ്തതായിരുന്നു ഗോൾ നിഷേധിക്കാൻ കാരണം.
വാർ 2
60-ാം മിനിട്ട്
രണ്ടാംപകുതിയിൽ റിച്ചാർലിസണിന് പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ ജീസസ് വലയ്ക്കുള്ളിൽ പന്തെത്തിച്ചു. ജീസസിന്റെ ആദ്യശ്രമം ഒസാരിയോ തടുത്തത് പെനാൽറ്റി ബോക്സിലുണ്ടായിരുന്ന ഫിർമിനോ ജീസസിന് തന്നെ തിരിച്ചുനൽകുകയായിരുന്നു. വല ചലിച്ചതിനെതുടർന്ന് വീണ്ടും വീഡിയോ പരിശോധിച്ച റഫറി ഫിർമിനോ ഒഫ് സൈഡായിരുന്നുവെന്ന് കണ്ടെത്തി നിഷേധിച്ചു.
വാർ-3
86-ം മിനിട്ട്
ഒടുവിൽ കുടീഞ്ഞോ വിജയ ഗോളടിച്ചു എന്നുതന്നെ ബ്രസീലുകൾ കരുതി. പെനാൽറ്റി ബോക്സിൽ നിന്നുള്ള കുടീഞ്ഞോയുടെ ഷോട്ട് വലയിൽ കയറിയപ്പോൾ റഫറി ഗോൾ അനുവദിച്ചതുമാണ്. തൊട്ടുപിന്നാലെ വീഡിയോ റഫറലിനായി പോയി.വീഡിയോ ദൃശ്യങ്ങൾ ആരും ഒാഫ് സൈഡ് പൊസിഷനിലായിരുന്നുവെന്ന് തെളിഞ്ഞിരുന്നില്ല. ഗോളടിക്കുന്നതിന് മുമ്പ് പന്ത് കുടീഞ്ഞോയുടെ കൈയിൽ തട്ടിയതായി ഉറപ്പിക്കാനും കഴിയുമായിരുന്നില്ല. പക്ഷേ, റഫറി ഇൗ ഗോളും നിഷേധിച്ചു.
വാറിന്റെ കളികൾക്കൊപ്പം ബ്രസീലിയൻ താരങ്ങൾ നിരവധി ചാൻസുകളും പാഴാക്കിയതോടെയാണ് കളിയിൽ ഗോളുകൾ പിറക്കാതെ പോയത്. ആദ്യമത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബൊളീവിയയെ തോൽപ്പിച്ചിരുന്നു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശനിയാഴ്ച പെറുവിനെ നേരിടും. ആദ്യമത്സരത്തിൽ പെറുവിനെയും സമനിലയിൽ തളച്ച വെനിസ്വേല അന്ന് ബൊളീവിയയെ നേരിടും.
പെറുവിന് ജയം
കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പെറു ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊളീവിയയെ കീഴടക്കി. 28-ാം മിനിട്ടിൽ മാഴ്സെലോ മാർട്ടിനെസ് പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ആദ്യം മുന്നിലെത്തിയത് ബൊളീവിയയാണ്. പന്നാൽ 45-ാം മിനിട്ടിൽ ഗ്വിറേറോ കളി സമനിലയിലാക്കി. 55-ാം മിനിട്ടിൽ ഫർഫാനും അവസാന മിനിട്ടിൽ ഫ്ളോറസും നേടിയ ഗോളുകളാണ് പെറുവിന് വിജയം നൽകിയത്.
അർജന്റീന ഇന്നിറങ്ങുന്നു
ആദ്യമത്സരത്തിൽ കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് നാണംകെട്ട അർജന്റീന ഇന്ന് സെമി സാദ്ധ്യതകൾ കെട്ടുപോകാതിരിക്കാനായി രണ്ടും കല്പിച്ച് ഇറങ്ങുന്നു.
പരാഗ്വേയാണ് അർജന്റീനയുടെ ഇന്നത്തെ എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ ആറുമുതലാണ് മത്സരം. പരാഗ്വെ ആദ്യമത്സരത്തിൽ ഖത്തറുമായി 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.
. കോപ്പ അമേരിക്കയിൽ വെനിസ്വേല ആതിഥേയരോട് തോൽക്കാതിരിക്കുന്നത് ഇതാദ്യമാണ്.
. ഇൗ കോപ്പയിൽ വാർ വഴി റദ്ദാക്കപ്പെട്ടത് നാല് ഗോളുകളാണ്.
. 1989 ന് ശേഷം കോപ്പയിൽ ബ്രസീൽ വെനിസ്വേലയ്ക്കെതിരെ ഗോൾ വഴങ്ങിയിട്ടില്ല.