maha

കല്ലിയൂർ : മഹാത്മാനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കല്ലിയൂർ ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി എം. സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. കവിയും കേരളകൗമുദി സ്പെഷ്യൽ എഡിറ്ററുമായ മഞ്ചുവെള്ളായണി മുഖ്യപ്രഭാഷണം നടത്തി. കല്ലിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വസുന്ധരൻ വിദ്യാഭ്യാസ പുരസ്കാരങ്ങളും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശൈലജ പഠനോപകരണങ്ങളും വിതരണം ചെയ്തു. കേരള സർവകലാശാലയിൽനിന്നും ബി‌.എസ് സി (ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി) പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ എസ്.യു. രുഗ്‌മ, പ്ളസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ പി.എസ്. ഷൈൻരാജ്, എസ്.എസ്.എൽ.സി/എസ്.എസ്. ഇ പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ അനഘ മനോജ്, അനുപമ, ശ്രുതിരാജ്, ആഷിഷ് പ്രമോദ്, ദേശീയ സംസ്ഥാന സ്കൂൾ കായിക മേളയിലെ അമ്പെയ്ത്ത് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിന ജവഹർ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. അസോസിയേഷൻ കുടുംബാംഗങ്ങളായ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.