kerala-congress-

തിരുവനന്തപുരം:കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ ജോസഫ്, ജോസ് കെ.മാണി പക്ഷങ്ങൾ സ്വന്തം കരുത്ത് കൂട്ടാൻ അണിയറതന്ത്രങ്ങൾ ബലപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാണിയോട് വിയോജിച്ച് ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് - ജേക്കബ്, കേരള കോൺഗ്രസ് - ബി തുടങ്ങിയവയെ കൂടെയെത്തിക്കാൻ ജോസഫ് പക്ഷം നീക്കങ്ങൾ സജീവമാക്കി.

രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരും ഒപ്പമുള്ള ജോസ് കെ.മാണി വിഭാഗമാകട്ടെ, ഈ അംഗബലം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുകൂല തീരുമാനത്തിന് വഴിയൊരുക്കുമെന്ന പ്രത്യാശയിലാണ്. ഔദ്യോഗിക പാർട്ടിയായി അംഗീകാരിക്കപ്പെട്ടാൽ കേരള കോൺഗ്രസ് - എം എന്ന പേരും ചിഹ്നവും കിട്ടും. അതിനാൽ ഒപ്പമുള്ള മറ്റ് നേതാക്കൾ കൂറുമാറുന്നത് തടയാനാണ് അവരുടെ ശ്രമം. മുൻനിരനേതാക്കൾ ഇല്ലാത്തതാണ് ദൗർബല്യം.

സംസ്ഥാന പാർട്ടി പദവിക്ക് നിയമസഭയിലോ പാർലമെന്റിലോ മൂന്നിൽ കൂടുതൽ അംഗങ്ങൾ വേണമെന്നിരിക്കെ, ജോസഫ് പക്ഷത്തിന് മൂന്ന് എം.എൽ.എമാരുടെ പിന്തുണയേ ഉള്ളൂ. അത് കണക്കിലെടുത്താണ് ഒരംഗം വീതമുള്ള ജേക്കബ്, പിള്ള വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത്. യു.ഡി.എഫിൽ ഒരു കക്ഷിനേതാവെന്ന പരിഗണന ഉള്ളതിനാൽ അനൂപ് ജേക്കബ് ജോസഫിനൊപ്പം പോകാൻ വിമുഖനാണ്. അടുത്തതവണ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം കിട്ടാം. ജോസഫിനൊപ്പം പോയാൽ ആ സാദ്ധ്യത അടയും. എന്നാൽ ജേക്കബ് ഗ്രൂപ്പിന്റെ ചെയർമാൻ ജോണി നെല്ലൂർ അടക്കമുള്ളവർ വരുമെന്ന പ്രതീക്ഷ ജോസഫ് വിഭാഗത്തിനുണ്ട്. ഗണേശ് കുമാറിനായി ചരടുവലിക്കുന്നത് പാർട്ടിയിലെ ഒരു വിഭാഗമാണെങ്കിലും ബാലകൃഷ്ണപിള്ള കൂടി വരണമെന്നാണ് ഭൂരിപക്ഷ താൽപര്യം. ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിനോട് കൂറുള്ളവരാണ്. ഇവരെല്ലാം തിരിച്ചെത്തിയാൽ പാർട്ടി കരുത്തുറ്റതാകുമെന്നാണ പ്രതീക്ഷ.

ജോസ് കെ.മാണിയുമായി യു.ഡി.എഫ് നേതൃത്വം നടത്തുന്ന ചർച്ചവരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം. പാലാ ഉപതിരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിക്കേണ്ടെന്നും മാണിഗ്രൂപ്പിന് വിട്ടുകൊടുക്കാമെന്നും അനൗപചാരികമായി ധാരണയിലെത്തിയിട്ടുണ്ട്.