si

ശ്രീകാര്യം: റോഡിൽ സ്ഥാപിച്ചിരുന്ന ബോർഡ് നഗരസഭാ ജീവനക്കാർ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ക്ഷേത്ര സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ ശ്രീകാര്യം എസ്.ഐ മർദ്ദിച്ചതായി പരാതി. ശ്രീകാര്യം പുലിയൂർകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ ജയനെയും ക്ഷേത്ര ഭാരവാഹികളെയും എസ്.ഐ മർദ്ദിച്ചെന്നാണ് കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് ശ്രീകാര്യം ചാവടിമുക്ക് ജംഗ്ഷനിലായിരുന്നു സംഭവം.

ഐലന്റിൽ സ്ഥാപിച്ചിരുന്ന ക്ഷേത്രത്തിന്റെ ദിശാ ബോർഡ് മാറ്റിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നഗരസഭാജീവനക്കാരുമായി സംസാരിക്കുന്നതിനിടെ അവിടെയെത്തിയ എസ്.ഐ ക്ഷേത്ര ഭാരവാഹികളെയും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെയും തള്ളി. ശ്രീകാര്യം ജനമൈത്രി സ്റ്റേഷനിലെ എസ്.ഐ ആണോ ഇത്തരത്തിൽ പെരുമാറുന്നതെന്നു ചോദിച്ചപ്പോൾ പ്രകോപിതനായ എസ്.ഐ സ്ഥലത്ത് കൂടി നിന്നവരെ തള്ളിമാറ്റി ക്ഷേത്ര സെക്രട്ടറിയെ മർദ്ദിച്ചെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു.

സംഭവം വിവാദമായതോടെ സ്റ്റേഷനിലെത്തിയ കഴക്കൂട്ടം എ.സി.പി അനിൽകുമാറും സി.ഐ അനീഷ് ജോയിയും ക്ഷേത്ര ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ക്ഷേത്ര സെക്രട്ടറിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കുകയായിരുന്നു. എന്നാൽ, സ്ഥലത്തെത്തിയ തന്നോട് അപമര്യാദയായി പെരുമാറുകയും ജോലി തടസപ്പെടുത്തിയതിനുമാണ് ക്ഷേത്ര ഭാരവാഹിയെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീകാര്യം എസ്.ഐ പറഞ്ഞു.