convention-centre

മുതിർന്ന സി.പി.എം നേതാവിന്റെ മകന്റെ പങ്കാളിത്തത്തോടെ നടക്കുന്ന കണ്ണൂർ ആയുർവേദ മെഡിക്കൽ കേർ സെന്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഉടുപ്പ കുന്നിൽ എട്ട് മീറ്ററോളം ഉയരത്തിൽ കുന്നിടിച്ച് പത്തോളം കെട്ടിടങ്ങൾ പണിയുന്നത്. ഇക്കാര്യം നേരത്തെ വിവാദമായതാണ്. ലക്ഷക്കണക്കിന് വെള്ളം ഊറ്റാൻ ശേഷിയുള്ള മൂന്ന് കുഴൽ കിണറുകളും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. നഗരസഭ അധികാരമേറ്റ് രണ്ടാഴ്ചക്കുള്ളിലാണ് ഉടുപ്പക്കുന്നിലെ നിയമ ലംഘനത്തിന് നഗരസഭ കൂട്ടുന്നിന്നതെന്നാണ് ഉയർന്നുവന്ന ആക്ഷേപം.

ഇതേ നഗരസഭ തന്നെയാണ് നിസ്സാരമായ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി കുറ്റിക്കോലിൽ ദേശീയപാതയ്ക്കരികിലായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് നമ്പർ നൽകാൻ വൈകിക്കുകയും അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടിവരികയും ചെയ്തത്. പ്രവാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ പൂർണ ഉത്തരവാദിത്വം നഗരസഭ ചെയർപേഴ്സൺ സി.പി.എം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യയും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശ്യമളയ്ക്കും നഗരസഭ സെക്രട്ടറി ഗിരീഷിനുമാണെന്നാണ് ആരോപണം.

15 കോടി രൂപ മുടക്കി തന്റെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചാണ് സാജൻ കൺവെൻഷൻ സെന്റർ നിർമ്മിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തൂണുകൾ തമ്മിലുള്ള ഒന്നര ഇഞ്ച് വ്യാത്യാസവും, എ.സി വച്ചതും പാർക്കിംഗ് ഏരിയയിലെ വിഷയങ്ങളുമൊക്കെയാണ് കണ്ടെത്തിയ ന്യൂനതകൾ. എന്നാൽ എ.സി സ്ഥാപിക്കുന്നതും പാർക്കിംഗ് ഏരിയയുമൊക്കെ നിർമ്മാണ പരിധിയിൽ വരില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടികാട്ടുന്നത്.

കൺവെൺഷൻ സെന്ററിന് അനുമതി നിഷേധിച്ചതിന്റെ കൂടുതൽ പിന്നാമ്പുറ കഥകൾ വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്നതേയുള്ളു. പ്രവാസിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് ആന്തൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി. നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമള, നഗരസഭ എൻജിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച്. ഈ ആവശ്യം ഉന്നയിച്ച് സാജന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.

അതേസമയം സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ വിഷയത്തിൽ ഇടപെടുമെന്നാണ് അറിയുന്നത്. പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി അനുഭാവികൂടിയായ സാജൻ നിർമ്മിച്ച കെട്ടിടത്തിനെതിരെ നഗരസഭ ഉന്നയിച്ച വിഷയങ്ങൾ തീർക്കാൻ ഇടപെട്ടിരുന്നു. നിർമ്മാണത്തിൽ അപാകതയില്ലെന്ന് ജില്ലാ ടൗൺ പ്ളാനർ വിശദീകരിക്കുകയും ചെയ്തതായാണ് പറയുന്നത്.

എന്നാൽ ഇത് ചെയർപേഴ്സൻ പി.കെ ശ്യാമളയെ പ്രകോപിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. നിങ്ങൾ മുകളിൽ പിടിപാടുള്ളയാളല്ലേ,​ എന്നാൽ അവരല്ല ഞങ്ങളാണ് അന്തിമ അനുമതി നല്കേണ്ടതെന്ന കാര്യം ചെയർപേഴ്സൺ പറഞ്ഞിരുന്നുവെന്നാണ് ആക്ഷേപം.

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഇന്ന് സാജന്റെ വീട് സന്ദർശിക്കും. പ്രവാസിയുടെ ആത്മഹത്യയിൽ ഭരണസമിതിക്ക് പങ്കില്ലെന്നും മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയിൽ സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയൽ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നുമായിരുന്നു നഗരസഭ ചെയർപേഴ്‌സൻ ശ്യാമള ഇന്നലെ പറഞ്ഞത്. കെട്ടിടത്തിന് നമ്പർ നിഷേധിച്ചിട്ടില്ലെന്നും നമ്പർ അനുവദിക്കുന്ന നടപടിയിലാണെന്നും സെക്രട്ടറി ഗിരീഷ് കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.