പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ മാംസപേശികൾ, എപിതീലിയൽ ആവരണ കോശങ്ങൾ മുതലായവ വിഭജിച്ച് പെരുകി ഉണ്ടാകുന്നതാണ് പ്രോസ്റ്റേറ്റ് വീക്കം. പ്രായമായ പുരുഷന്മാരിലാണ് ഇത് കൂടുതൽ കാണുന്നത്.
പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രതടസത്തിന്റെ ചികിത്സാ നിർണയം വളരെ പ്രധാനമാണ്. ദീർഘമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. മൂത്രം ഒഴിച്ചുതുടങ്ങാനുള്ള താമസം, മൂത്രം ശക്തി കുറഞ്ഞ് മുറിഞ്ഞുപോവുക, മൊത്തം ഒഴിഞ്ഞുപോകാതെ വരിക, മൂത്രത്തിൽ കൂടി രക്തം പ്രവഹിക്കുക, വേദന, മൂത്രം അറിയാതെ പോവുക മുതലായവയാണ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അസഹനീയമായി വരിക, മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക, മൂത്രസഞ്ചിയിൽ കല്ലുകൾ ഉണ്ടാവുക, മൂത്രത്തിൽ ഇടവിട്ടുള്ള പഴുപ്പ്, വൃക്കപരാജയം മുതലായ അവസ്ഥകളിൽ സർജിക്കൽ ചികിത്സയാണ് അഭികാമ്യം. മൂത്രപരിശോധന, രക്തപരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ, യൂറോ ഫ്ളോമെറ്റ്‌ട്രി മുതലായ പരിശോധനകൾ ചെയ്യണം.
വളരെ ചെറിയ പ്രോസ്റ്റേറ്റ് വീക്കങ്ങൾക്ക് TUIPഎന്ന ലഘുവായ സർജിക്കൽ ചികിത്സ ഉണ്ട്. വളരെ വലിപ്പമേറിയ പ്രോസ്റ്റേറ്റ് വീക്കങ്ങൾ ഹോൾമിയം, തൂളിയം മുതലായ ലേസർ സങ്കേതങ്ങൾ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യാം. ലേസർ ശസ്ത്രക്രിയയിൽ രക്തനഷ്ടം വളരെ കുറവാണ്. രക്തം കട്ടപിടിക്കാതിരിക്കാനായി രോഗികൾക്ക് കൊടുക്കുന്ന ആന്റിപ്ളേറ്റ് ലെറ്റുകൾ, ആന്റി കൊയാഗുലന്റ് മരുന്നുകൾ മുതലായവ നിർത്താതെ തന്നെ ലേസർ ശസ്ത്രക്രിയ പ്രോസ്റ്റേറ്റ് വീക്കത്തിന് ചെയ്യാം. സർജിക്കൽ ചികിത്സ പ്രദാനം ചെയ്യുന്ന ആശ്വാസം മറ്റു ചികിത്സാരീതികളേക്കാൾ കൂടുതലാണ്.
ഡോ.ഗോപകുമാർ