yuvraj-singh

വിമരമിക്കൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്റെ പിൻഗാമി ആരാകുമെന്ന് യുവരാജ് സിംഗ് പ്രവചിച്ചിരുന്നു. ഋഷഭ് പന്ത് ! ശിഖർ ധവാന്റെ പരിക്കിനെ തുടർന്ന് ഋഷഭ് പന്തിനെ ലോകകപ്പ് മത്സരങ്ങളിലേക്ക് വിളിക്കുന്നതിന് വെറും ഒരു ദിവസം മുമ്പാണ് യുവരാജ് അത് പറഞ്ഞത്. യുവിയുടെ വാക്കുകൾ സത്യമായി. ധവാന്റെ പകരക്കാരനായി ഋഷഭിനെ ടീമിലെടുത്തു. ഋഷഭ് പന്തിന് കരിയറിൽ തന്നേക്കാൾ സാദ്ധ്യത ഏറെയുണ്ടെന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ പന്ത് അത് തെളിയിച്ചു കഴിഞ്ഞെന്നും ജൂൺ 10ന് തന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം യുവരാജ് പറഞ്ഞിരുന്നു.

'പന്ത് വളരെ മികച്ച ആക്രമണകാരിയുമായ ഇടം കയ്യനാണ്. വരും വർഷങ്ങളിൽ പന്തിന്റെ മികച്ച പ്രകടനത്തിനായാണ് താൻ കാത്തിരിക്കുന്നത്. യുവാക്കൾക്കിടയിൽ നല്ല സ്വാധീനമുള്ള പന്തിന് തന്നേക്കാളേറെ നേട്ടങ്ങൾ കൊയ്യാൻ തീർച്ചയായും സാധിക്കും.' യുവരാജ് അന്ന് പറഞ്ഞത് ഇങ്ങനെ. 'തന്നേക്കാളേറെ ഉയരത്തിൽ പന്ത് എത്തുമെന്ന് തനിക്കുറപ്പുണ്ടെന്ന് യുവരാജ് ട്വീറ്റ് ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷമാണ് പന്തിനെ ഇംഗ്ലണ്ടിലേക്ക് വിളിക്കുന്നതും.

2011ൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു യുവരാജ്. അന്ന് മാൻ ഒഫ് ദ ടൂർണമെന്റ് അവാർഡ് ലഭിച്ചത് യുവരാജിനായിരുന്നു. 2011 ലോകകപ്പിൽ യുവരാജ് നാലാം നമ്പർ ബാറ്റ്സ്മാനായാണ് കളത്തിലിറങ്ങിയത്. ലോകകപ്പിൽ ഋഷഭ് പന്തും നാലാം നമ്പറുകാരനായി ബാറ്റിംഗിനിറങ്ങിയേക്കും എന്നാണ് സൂചന.