sunilkumar

 റിസർവ് ബാങ്ക് ഗവർണറെ കാണും

തിരുവനന്തപുരം: കർഷകരുടെ വായ്പകൾക്ക് ജൂലായ് 31വരെ മോറട്ടോറിയം നിലവിലുണ്ടെന്നും ഡിസംബർ 31വരെ നീട്ടാനുള്ള മന്ത്റിസഭാ തീരുമാനം നടപ്പാക്കാൻ 25ന് വിളിച്ചിട്ടുള്ള സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) യോഗത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മന്ത്റി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. എസ്.എൽ.ബി.സി തീരുമാനമെടുത്താൽ caറട്ടോറിയം നടപ്പാവും. ഒരു കൃഷിക്കാരനെയും ബുദ്ധിമുട്ടിക്കാൻ ബാങ്കുകളെ സർക്കാർ അനുവദിക്കില്ല. ബാങ്കുകൾ മനുഷ്യത്വരഹിതമായ നിലപാടെടുത്താൽ കർശനമായി ഇടപെടും. മോറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഗവർണറെ കണ്ട് സംസ്ഥാനത്തെ സ്ഥിതി അറിയിക്കുമെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്റി മറുപടി നൽകി.
കർഷകർ പണയമായി വച്ചിട്ടുള്ള എല്ലാ കൃഷിഭൂമിയിലും സർഫാസി നിയമപ്രകാരമുള്ള നടപടികൾ ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശിക്കും. സർഫാസി ആക്ടിലെ 31(ഐ) ചട്ടപ്രകാരം കൃഷിഭൂമിക്കു മേൽ ജപ്തി പാടില്ല. എന്നാൽ കേരളത്തിൽ കൃഷിഭൂമിയെന്ന നിർവചനത്തിൽ നെൽവയലുകളെ മാത്രമാണ് ബാങ്കുകൾ ഉൾപ്പെടുത്തുന്നത്. കൃഷിചെയ്യുന്ന എല്ലാ ഭൂമിയും കൃഷിഭൂമിയായി കണക്കാക്കണം. ഏകപക്ഷീയമായ ജപ്തി നടപടി അംഗീകരിക്കില്ല.

കഴിഞ്ഞ ഡിസംബർ 31വരെ പുനഃക്രമീകരിച്ച അക്കൗണ്ടുകളിലെ വായ്പകൾക്ക് ജൂലായ് 31വരെ മോറട്ടോറിയമുള്ളത് റിസർവ് ബാങ്ക് എതിർത്തിട്ടില്ല. കാലാവധി നീട്ടുന്നതിലാണ് എതിർപ്പ്. ഇനി കാലാവധി നീട്ടാൻ തീരുമാനിക്കുന്നത് എസ്.എൽ.ബി.സിയുടെ വിവേചന അധികാരമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിട്ടുള്ളത്. കർഷകരുടെ എല്ലാ വായ്പകൾക്കും മോറട്ടോറിയം നീട്ടാനുള്ള മന്ത്റിസഭാ തീരുമാനം എസ്.എൽ.ബി.സി യോഗത്തിൽ അജൻഡയായി വയ്ക്കും. അവർ തീരുമാനമെടുക്കുന്നതോടെ caറട്ടോറിയം നീട്ടിയത് നടപ്പാക്കാം. ബാങ്കുകളുടെ ജപ്തി നടപടിയൊഴിവാക്കാൻ ഇടുക്കി, വയനാട് ജില്ലകളിൽ ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയ്ക്ക് ശേഷമേ റിക്കവറി പാടുള്ളൂവെന്ന് ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബാങ്കുകൾ കൃഷിവായ്പകൾ നൽകുന്നില്ല. നൽകിയിട്ടുള്ള 48000 കോടി വായ്പയിൽ ഭൂരിഭാഗവും അഗ്രികൾച്ചർ- ഗോൾഡ് വായ്പയാണ്. കൃഷിക്കാർക്കുള്ള പലിശയിളവ് കൃഷിക്കാരല്ലാത്തവർ തട്ടിയെടുക്കുകയാണ്. കൃഷിവകുപ്പിന്റെ സാക്ഷ്യപത്രമുണ്ടെങ്കിലേ ഇത്തരം വായ്പ നൽകാവൂ എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്റി പറഞ്ഞു.