a-k-saseendran

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർ ഗതാഗത മന്ത്രിയെ ധിക്കരിക്കുകയാണെന്നും ഓരോ ദിവസവും ഉത്തരവിറക്കുകയാണെന്നും കഴിഞ്ഞ ദിവസം കെ.ബി. ഗണേശ് കുമാർ എം.എൽ.എ നിയമസഭയിൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സ്റ്റേറ്റ് കാറും നാല് പൊലീസുകാരും 30 സ്റ്റാഫുമല്ല മന്ത്രിയെന്ന് എ.കെ. ശശീന്ദ്രൻ ഓർക്കണമെന്നും ഗണേശ് കുമാർ വിമർശിച്ചിരുന്നു. ശാസ്താംകോട്ടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നടത്തിയ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഗണേശ് കുമാറും മന്ത്രിയെ വിമർശിച്ചത്. ഇതേക്കുറിച്ച് കെ.എസ്.ആർ.ടി.സിയിലെ യൂണിയൻ നേതാക്കൾ എന്ത് പറയുന്നു..? നേതാക്കളുടെ പ്രതികരണങ്ങൾ:

മന്ത്രിക്ക് അവകാശമില്ല

കെ.എസ്.ആർ.ടി.സിയുടെ ചട്ടമനുസരിച്ച് കോർപ്പറേഷന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അവകാശമില്ലെന്നതാണ് യാഥാർത്ഥ്യം. ആർ.ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറുമൊക്കെ മന്ത്രിയായിരുന്നപ്പോൾ ചട്ടങ്ങൾ മറികടന്ന് പലവിധത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടുണ്ട്. പഴയകാല മാടമ്പിമാരുടെ മുന്നിൽ അടിയാൻമാർ ഓച്ഛാനിച്ച് നിൽക്കുംപോലെ ഇപ്പോൾ ഉദ്യോഗസ്ഥർ മന്ത്രിമാർക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കേണ്ട കാര്യമില്ല. കോർപ്പറേഷൻ ചട്ടം 34 അനുസരിച്ച് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ കെ.എസ്.ആർ.ടി.സിയിൽ മന്ത്രിക്ക് ഇടപെടാൻ കഴിയില്ല. പൊതുവായ കാര്യങ്ങളിൽ നിർദേശം നൽകാം.

രാത്രികാല സർവീസുകളുടെ കാര്യത്തിലോ സ്ഥലംമാറ്റത്തിലോ ഒന്നും മന്ത്രിക്ക് വലിയ റോളൊന്നുമില്ല. കോർപ്പറേഷൻ നടപ്പാക്കിയ പരിഷ്കാരങ്ങൾ യാത്രാക്ളേശം രൂക്ഷമാക്കിയ സാഹചര്യത്തിൽ ജനപ്രതിനിധിയെന്ന നിലയിലുള്ള രോഷപ്രകടനമാണ് ഗണേശ്കുമാർ നടത്തിയത്. എം.ഡിയായിരിക്കെ ടോമിൻ തച്ചങ്കരി ലാഭകരമല്ലെന്ന് കണ്ട് നിറുത്തലാക്കിയ പല സർവീസുകളും ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ട്.

എന്നാൽ സാമൂഹ്യ പ്രതിബദ്ധത മുൻനിറുത്തി ഇത്തരത്തിലുണ്ടാകുന്ന നഷ്ടം നികത്താനും ശമ്പളവും പെൻഷനും നൽകാനും സ‌ർക്കാർ സഹായം കൂടി ലഭ്യമാകണം. യു.ഡി.എഫ് ഭരണകാലത്ത് സർക്കാർ സഹായം ഉണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ട് മൂന്നുവർഷമായി. കോർപ്പറേഷൻ ലാഭകരമായിട്ട് ശമ്പളം വർദ്ധിപ്പിക്കാമെന്ന് പറയുന്നതിൽ കാര്യമില്ല. ലാഭവും നഷ്ടവും നോക്കി കെ.എസ്.ആർ.ടി.സി സർവീസ് നടത്താൻ കഴിയില്ല. ട്രാൻ.ബസുകൾ കൂട്ടത്തോടെ പിൻവലിച്ചതോടെ സ്വകാര്യ ബസുകൾക്ക് ചാകരയാണ്-ആർ.ശശിധരൻ, വർക്കിംഗ് പ്രസിഡന്റ്, ടി.ഡി.എഫ് (ഐ.എൻ.ടി.യു.സി)

അത് തെറ്റിദ്ധാരണ

മന്ത്രി വിളിച്ചാൽ എം.ഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തില്ലെന്ന് പറയുന്നത് ശരിയല്ല. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനയായി വേണം അതിനെ കാണാൻ. നഷ്ടത്തിലുള്ള ചില സർവീസുകൾ ലാഭകരമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പുന:ക്രമീകരണമാണ് സർവീസുകൾ വെട്ടിക്കുറച്ചെന്ന മട്ടിൽ കെ.ബി ഗണേശ് കുമാർ എം.എൽ.എ ഉന്നയിക്കുന്നത്. പത്തനാപുരത്ത് നിന്ന് ആരംഭിച്ചിരുന്ന ചില സർവീസുകൾ പത്തനംതിട്ടയിൽ നിന്നാക്കി എന്ന വ്യത്യാസമേയുള്ളൂ. ബസുകളെല്ലാം പത്തനാപുരം വഴിയാണ് കടന്നുപോകുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആശങ്കയാണ് നിയമസഭയിൽ പങ്കുവച്ചത്. ശാസ്താംകോട്ടയിൽ ഡിപ്പോ തുടങ്ങണമെന്നാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആവശ്യം.

പത്തുകോടി രൂപയുണ്ടെങ്കിലേ ഡിപ്പോ തുടങ്ങാൻ കഴിയൂ. സുശീൽഖന്ന റിപ്പോർട്ടിൽ പിതിയ ഡിപ്പോ ആരംഭിക്കേണ്ടെന്ന് നിർദേശിച്ചിരിക്കെ കോവൂ‌ർ കുഞ്ഞുമോൻ എം.എൽ.എയുടെ ആവശ്യം എങ്ങനെ നിറവേറ്റാൻ കഴിയുമെന്ന് തീർച്ചയില്ല. കോർപ്പറേഷൻ ഇപ്പോൾ മുമ്പത്തേക്കാൾ ലാഭത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതോടെ സർവീസുകൾ ലാഭകരമാക്കാനും യാത്രാക്ളേശം കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്-വി.ശാന്തകുമാർ, സംസ്ഥാന സെക്രട്ടറി, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു)

ആരോപണം തെറ്റ്

മന്ത്രി വിളിക്കുന്ന യോഗങ്ങളിൽ എം.ഡി ഉൾപ്പെടെ ആരും പങ്കെടുക്കാറില്ലെന്ന ആരോപണം തെറ്റാണ്. എം.ഡിയ്ക്ക് എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. തൊട്ടുതാഴെയുള്ള ജീവനക്കാരെ ചുമതലപ്പെടുത്താറുണ്ട്. എന്നാൽ ഏത് എം.ഡി വന്നാലും ഇത്തരത്തിൽ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ അധികാരമില്ലാത്തതാണ് പ്രശ്നം. ഹൈക്കോടതി നിർദേശപ്രകാരം ലേബർകമ്മിഷണർ മൂന്നുമാസം മുമ്പ് വിളിച്ച യോഗത്തിൽ എം.ഡിയ്ക്ക് പകരം പങ്കെടുത്ത ഉദ്യോഗസ്ഥനും ലേബർ കമ്മിഷണർ നൽകിയ നിർദേശങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ കഴിയാത്തത് അന്ന് വിമ‌ർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

യോഗത്തിൽ പങ്കെടുക്കുമ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയാതിരുന്നിട്ട് കാര്യമില്ലല്ലോ. അതാണ് ഇത്തരം വിമർശനങ്ങൾക്ക് കാരണമാകുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ പരിഹരിക്കുമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവീസുകൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 6.5 കോടിയോളം രൂപ പ്രതിദിന വരുമാനമുണ്ടാക്കാൻ കോർപ്പറേഷന് കഴിയുന്നുണ്ട്-എം.ജി രാഹുൽ, ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയിസ് യൂണിയൻ (എ.ഐ.ടി.യു.സി)

കെ.ബി ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞത്

''വന - മലയോര മേഖലയിലെ ബസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. കുട്ടികൾക്ക് കൺസഷനില്ല. ഒരു ഉന്നത ഉദ്യോഗസ്ഥൻ കോർപ്പറേഷനെ കുളമാക്കി സ്ഥലംവിട്ടു. തിരുവനന്തപുരത്ത് നിന്ന് തൃശൂർവരെ മാത്രം മതി ദീർഘദൂര സർവീസെന്നായി അടുത്തയാളുടെ ഉത്തരവ്. എം.ഡിക്ക് കത്ത് നൽകിയാൽ മറുപടി നൽകാറില്ല. ഇക്കാര്യം ചർച്ചചെയ്യാൻ മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. അതെങ്ങനെ, മന്ത്രി വിളിച്ചാൽ എം.ഡിയുൾപ്പെടെ ഉദ്യോഗസ്ഥരാരും വരില്ലല്ലോ.