തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് നിലവാരമില്ലാത്ത തോട്ടണ്ടി ഇറക്കുമതി ചെയ്ത് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. വേഗത്തിൽ തോട്ടണ്ടി സംഭരിക്കാൻ ഇ-ടെൻഡർ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ മറവിൽ വൻ അഴിമതി നടന്നെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നടപടികളെല്ലാം സുതാര്യമാണെന്നും കശുഅണ്ടി തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകാനുള്ള സർക്കാർ നടപടിയിൽ അസൂയ പൂണ്ടവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്റി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പരിപ്പ് തീരെ കുറച്ചു മാത്രം കിട്ടുന്ന തോട്ടണ്ടിയാണ് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്തതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഗിനിബസാവോ, ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിൽ പത്രപ്പരസ്യം നൽകിയിട്ടും ടെൻഡറിൽ പങ്കെടുത്തത് തഴവ സ്വദേശി സഹദേവനാണ്. യു.ഡി.എഫ് കാലത്തും തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്ന അതേ ഇടനിലക്കാർ ഇപ്പോഴും തുടരുകയാണ്. രണ്ടു സർക്കാരുകൾ തമ്മിലുള്ള കരാറിൽ പ്രതിനിധി ഒപ്പിട്ടാൽ അത് സാധുവാകില്ല.
തോട്ടണ്ടി ഇറക്കുമതിക്ക് സർക്കാർ വളഞ്ഞവഴി സ്വീകരിച്ചു. അഞ്ചു ലക്ഷത്തിനു മുകളിലെ കരാറുകൾക്ക് ഇ-ടെൻഡർ നിർബന്ധമാക്കിയ വിജിലൻസ് കമ്മിഷൻ ഉത്തരവുണ്ടെങ്കിലും തോട്ടണ്ടി സംഭരിക്കാൻ ഇ-ടെൻഡർ ഒഴിവാക്കി. കരാറുകാരുടെ ഒപ്പ് അറ്റസ്റ്റ് ചെയ്യുന്നത് വൈകുമെന്ന കാരണത്താലായിരുന്നു ഇത്. ഇതിലെ ദുരൂഹത നീക്കാൻ വിശദ അന്വേഷണം വേണം- തിരുവഞ്ചൂർ പറഞ്ഞു.
കാഷ്യൂ ബോർഡും വിദേശ സപ്ലൈയറുമായി കരാറൊപ്പിടുമ്പോൾ, ആ കമ്പനിയുടെ അംഗീകൃത ഏജന്റ് ഒപ്പിട്ടാൽ മതി. ഇതിലെന്താണ് പിശക് ? ഏജന്റിനെ തീരുമാനിക്കേണ്ടത് സപ്ലൈയറാണ്. രാജ്യത്തെ പർച്ചേസ് വ്യവസ്ഥകൾക്ക് വിധേയമായാണ് തോട്ടണ്ടി വാങ്ങിയത്. ഇ- ടെൻഡറിലൂടെ താത്പര്യപത്രം ക്ഷണിച്ചിട്ട് ആരുംവന്നില്ല. കാലതാമസം ഒഴിവാക്കാനാണ് മുദ്ര വച്ച ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ തുക ക്വോട്ട് ചെയ്തവർക്കാണ് കരാർ നൽകിയത്.
14,068 മെട്രിക് ടൺ തോട്ടണ്ടി എത്തിച്ചു. കശുഅണ്ടി കോർപറേഷനിൽ 8515.87 ടണ്ണും കാപ്പെക്‌സിൽ 55,22 ടണ്ണും സ്റ്റോക്കുണ്ട്. ഇതുപയോഗിച്ച് ഒക്ടോബർ വരെ കമ്പനികൾ പ്രവർത്തിപ്പിക്കാമെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ വാക്കൗട്ടിനു മുമ്പ് എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
സ്വകാര്യ മേഖലയ്ക്കും വായ്പ: മന്ത്രി
പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്താൻ 25 നു ചേരുന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോഗത്തിൽ സർക്കാർ നിലപാടെടുക്കും. സ്വകാര്യ ഫാക്ടറികൾക്കും വായ്പ ലഭ്യമാക്കാൻ ശ്രമിക്കും. രണ്ടുലക്ഷം മെട്രിക് ടൺ തോട്ടണ്ടി നൽകാൻ സന്നദ്ധമാണെന്ന് ടാൻസാനിയൻ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടെനിന്ന് പ്രതിനിധികൾ കേരളത്തിലെത്തി ചർച്ച നടത്തും. കരാറൊപ്പിട്ടാൽ സ്വകാര്യ ഫാക്ടറികൾക്കു കൂടി തോട്ടണ്ടി ലഭ്യമാക്കും.
ഇറക്കുമതി ശുദ്ധ
തട്ടിപ്പ്: പ്രതിപക്ഷം
കരാറിലുള്ള മൂന്ന് ഏജന്റുമാർ തന്നെയാണ് നേരത്തേയും ഇറക്കുമതി നടത്തിയിരുന്നത്. അന്നത്തെ ഇടനിലക്കാർ ഇപ്പോൾ വിദേശകമ്പനിയുടെ പ്രതിനിധികളായെന്നു മാത്രം. സി.പി.എം അഴിമതി നടത്തിയാൽ വിപ്ലവം, മറ്റുള്ളവരുടേത് കുറ്റം- അതാണ് സ്ഥിതി. തുറക്കാത്ത 700 സ്വകാര്യ ഫാക്ടറികൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറല്ല. 40 ഗവ. ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. അവിടങ്ങളിലെ തൊഴിലാളികളുടെ പേരിൽ പണം തട്ടിയെടുക്കുന്നു.