kallada

തിരുവനന്തപുരം: ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ കല്ലട ബസിലെ രണ്ടാം ഡ്രൈവർ അറസ്റ്റിലായതിനു പിന്നാലെ കല്ലട ട്രാവൽസിന്റെ തമ്പാനൂരിലെ ബുക്കിംഗ് ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. ഇന്നലെ ഉച്ചയോടെ നൂറോളം പേർ പ്രകടനമായെത്തിയാണ് ഓഫീസ് തകർത്തത്. ഗ്ലാസ് ഘടിപ്പിച്ച പ്രധാന വാതിൽ പൂർണമായും അടിച്ചുപൊട്ടിക്കുകയും നിറുത്തിയിട്ടിരുന്ന സ്‌കാനിയ ബസിന്റെ ചില്ലുകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെയും ഡ്രൈവർ സീറ്റിനോട് ചേർന്ന ഭാഗത്തെയും ചില്ലുകളാണ് തകർത്തത്. ഓഫീസിനുള്ളിൽ മാനേജരും വനിതാ ജീവനക്കാരും ഉള്ളപ്പോഴാണ് അക്രമം ഉണ്ടായത്. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫിഷ് ടാങ്ക്, അഞ്ചോളം കസേരകൾ, വരാന്തയ്ക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഗ്ളാസ് കൈവരി എന്നിവയും അടിച്ചുതകർത്തു. സംഭവമറിഞ്ഞ് മൂന്നു പൊലീസുകാരാണ് ആദ്യമെത്തിയത്. ഇവരുടെ സാന്നിദ്ധ്യത്തിലും സമരക്കാർ അക്രമം തുടർന്നു. അക്രമം നടത്തിയശേഷം ഏറെനേരം ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്. അതിനുശേഷം ഏറെനേരം കഴിഞ്ഞാണ് കൂടുതൽ പൊലീസ് എത്തിയത്. മാനേജരും മറ്റു ജീവനക്കാരും ചേർന്ന് പൊട്ടിക്കിടന്ന ചില്ലുകൾ എടുത്തുമാറ്റി ഓഫീസ് പൂട്ടി പോയി. മാനേജരുടെ മൊഴിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു.