തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ പുതിയ ശുദ്ധീകരണ ശാലയുടെ നിർമാണം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്റി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. വി.എസ്. ശിവകുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അരുവിക്കരയിൽ ഉണ്ടാകുന്ന ചെറിയ വൈദ്യുതി തടസംപോലും ജലവിതരണത്തെ ബാധിക്കുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി പൂർത്തീകരിച്ചിട്ടുണ്ട്. ഇതുമൂലം 86 എം.എൽ.ഡി, 74 എം.എൽ.ഡി, ജലശുദ്ധീകരണ ശാലകളിൽ വൈദ്യുതി തടസം ഒഴിവാക്കാൻ സാധിക്കും. നഗരപ്രദേശങ്ങളിലെ പൈപ്പുകളിൽ പുറത്തുവരാത്ത ചോർച്ചകൾ കണ്ടെത്താൻ ലീക്ക് ഡിറ്റക്ഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. പല ചോർച്ചകളും ഇതുവഴി തടയാൻ സാധിക്കുന്നുണ്ട്.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന് സംസ്ഥാന പദ്ധതിയിലും അമൃത് പദ്ധതിയിലും തിരുവനന്തപുരം നഗരസഭയുടെ നിക്ഷേപ പ്രവൃത്തിയിലും ഉൾപ്പെടുത്തി വിവിധ പണികൾ പുരോഗമിക്കുന്നുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളൊന്നും നഗരപരിധിയിൽ ഇല്ല. സാങ്കേതിക തടസങ്ങൾ ഉണ്ടാകുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ ജലം ഒഴുകി എത്താൻ സമയം എടുക്കും. ഇതോടെ ജലലഭ്യതക്കുറവുണ്ടാകും. ഈ ഭാഗങ്ങളിൽ വാൽവ് നിയന്ത്റിച്ചും ടാങ്കർ മുഖേനയും ജലം എത്തിച്ച് കൊടുക്കുന്നുണ്ടെന്നും മന്ത്റി അറിയിച്ചു.
അരുവിക്കരയിൽ നിന്നുള്ള പമ്പിംഗ് കാര്യക്ഷമമാക്കാൻ ശേഷി കൂടിയ നാലു പമ്പുകൾ സ്ഥാപിക്കും
10 എം.എൽ.ഡി അധികം ജലം തിരുവനന്തപുരം നഗരത്തിലേക്ക് എത്തിക്കാനാകും
കൂടുതൽ ശുദ്ധജലം ലഭ്യമാക്കാൻ തലസ്ഥാനത്തെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി
അരുവിക്കരയിൽ 75 എം.എൽ.ഡി ശേഷിയുള്ള ജല ശുദ്ധീകരണ ശാലയുടെ നിർമ്മാണം പുരോഗമിക്കുന്നു.
നെയ്യാർഡാമിൽ നിന്നു തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലം
എത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.
നെയ്യാർ ഡാം മുതൽ തിരുമല വരെയുള്ള പൈപ്പുലൈൻ സ്ഥാപിക്കലും അനുബന്ധ ഘടകങ്ങൾക്കുമുള്ള വിശദമായ എൻജിനിയറിംഗ് റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ക്രമാതീതമായ ഉപഭോഗവും പുതിയ കണക്‌ഷനുകളുടെ വർദ്ധനയും കാരണം നഗരത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന ജലസംഭരണികളിൽ ആവശ്യമായ ജലവിതാനം നിലനിറുത്താനാവുന്നില്ല. ഇതുമൂലം നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യതയ്ക്ക് കുറവ് വന്നിട്ടുണ്ട്.