തുടർച്ചയായ കടലാക്രമണം മൂലം കഷ്ടത്തിലാകുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള പുനരധിവാസ പാക്കേജ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുകയാണ്. വർഷകാലത്ത് മാത്രമാണ് മുമ്പൊക്കെ കടലാക്രമണ ഭീഷണി നേരിടേണ്ടി വന്നിരുന്നത്. എന്നാൽ ഇപ്പോൾ സീസൺ വ്യത്യാസമില്ലാതെ തീരപ്രദേശങ്ങളെ വിഴുങ്ങാൻ കടൽ എത്തുകയാണ്. സമീപ ദിവസങ്ങളിൽ തെക്കു മുതൽ വടക്കേ അറ്റം വരെയുള്ള കടൽത്തീരമാകെ രൂക്ഷമായ കടലാക്രമണത്തിനിരയായിരുന്നു. അനവധി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കിടപ്പാടം ഉൾപ്പെടെ സർവതും നഷ്ടപ്പെട്ട അവസ്ഥയിലാണ്. അങ്ങിങ്ങായി പേരിനു മാത്രമുണ്ടായിരുന്ന സംരക്ഷണഭിത്തിയും തകർത്താണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇരച്ചുകയറിയത്. നല്ല ഉറപ്പോടെ നിർമ്മിച്ച കോൺക്രീറ്റ് വീടുകൾ പോലും കടലാക്രമണത്തിൽ ഞൊടിയിടകൊണ്ടു തകരുന്ന കാഴ്ചയാണ് എവിടെയും കണ്ടത്.
കടലാക്രമണ നിരോധന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപമുയർത്തി തീരദേശങ്ങളിലുടനീളം ആളുകൾ പ്രക്ഷോഭ പാതയിലാണ്. മന്ത്രിമാരെയും ജനപ്രതിനിധികളെയും തടഞ്ഞുവയ്ക്കുന്ന സ്ഥിതിപോലും ഉണ്ടായി. പൊലീസ് സംഘം എത്തിയാണ് മന്ത്രിയെയും മറ്റും ജനക്കൂട്ടത്തിന്റെ പിടിയിൽപ്പെടാതെ രക്ഷപ്പെടുത്തിയത്. വർഷകാലമായാൽ തീരങ്ങളിൽ ഇതുപോലുള്ള സ്തോഭജനകമായ രംഗങ്ങൾ പതിവായിരിക്കുകയാണ്. ഈ വർഷവും സർക്കാർ 22 കോടി രൂപ കടലാക്രമണം തടയാനുള്ള അടിയന്തര പ്രവൃത്തികൾക്കായി നൽകിയിട്ടുണ്ട്. പ്രധാനമായും പാർപ്പിടങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും കടൽഭിത്തി ബലപ്പെടുത്താനും വേണ്ടിയാകും ഈ തുക വിനിയോഗിക്കുക. എന്നാൽ കടലാക്രമണത്തിന്റെ വൈപുല്യവും രൂക്ഷതയും പരിഗണിച്ചാൽ സർക്കാർ ഇപ്പോൾ അനുവദിച്ച 22 കോടി രൂപ ഒന്നിനും മതിയാകുകയില്ല. അത്രയധികം നാശനഷ്ടങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. മഴക്കാലം തുടങ്ങിയിട്ടേയുള്ളൂ. വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുകയും ചുഴലി ഭീഷണി ഉയരുകയും ചെയ്താൽ സ്ഥിതി കൂടുതൽ രൂക്ഷമാകാനാണു സാദ്ധ്യത.
മന്ത്രിസഭ അംഗീകരിച്ച പുനരധിവാസ പാക്കേജ് പ്രകാരം തീരത്തിനു അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് നിർദ്ദേശങ്ങളാകും ഇതിനായി മുന്നോട്ടുവയ്ക്കുക. സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാകുന്നവർക്ക് പത്തുലക്ഷം രൂപ നൽകും. ഈ പണം ഉപയോഗിച്ച് സുരക്ഷിതമായ സ്ഥലം വാങ്ങി സ്വന്തമായി കിടപ്പാടമുണ്ടാക്കാം. ഇതിൽ താത്പര്യമില്ലാത്ത കുടുംബങ്ങൾക്ക് സർക്കാർ ഫ്ളാറ്റ് നിർമ്മിച്ച് പുനരധിവസിപ്പിക്കും. നിർബന്ധിച്ച് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും അപകടകരമായ വിധം കടലേറ്റമുള്ള ഇടങ്ങളിൽ ഒഴിയാൻ മടിച്ചുനിൽക്കുന്നവരെ നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കേണ്ടി വരിക തന്നെ ചെയ്യും. 18865 കുടുംബങ്ങളെ തീരത്തു നിന്ന് മാറ്റേണ്ടി വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്വമേധയാ ഒഴിയാൻ തയ്യാറാകുന്നവർക്കാകും പുനരധിവാസത്തിൽ മുൻഗണന നൽകുന്നത്. ഇവർ സർക്കാർ നിർമ്മിക്കുന്ന ഫ്ളാറ്റുകളിലേക്കു മാറുകയോ അതല്ലെങ്കിൽ പത്തുലക്ഷം രൂപ വാങ്ങി തങ്ങൾക്കിഷ്ടപ്പെട്ട പ്രദേശത്ത് ഭൂമി വാങ്ങി വീടു വയ്ക്കുകയോ ചെയ്യാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നായിരിക്കും പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള പണം നൽകുക. പുനരധിവാസത്തിനു പുറമെ കടൽഭിത്തി നിർമ്മാണവും ഏറ്റെടുക്കും. തകർന്ന സംരക്ഷണ ഭിത്തികൾ പല സ്ഥലത്തും ബലപ്പെടുത്തേണ്ടതുണ്ട്. നാട്ടിലുടനീളം കരിങ്കല്ല് ക്ഷാമം അതിരൂക്ഷമായതിനാൽ ഏറെ വെല്ലുവിളി നേരിട്ടുവേണം സംരക്ഷണ ഭിത്തി നിർമ്മാണം ഏറ്റെടുക്കാൻ.
സ്ഥിരമായി കടലാക്രമണം നേരിടുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ലക്ഷ്യബോധമില്ലാത്ത പ്രവർത്തനങ്ങളാണ് കുറെക്കാലമായി ഈ രംഗത്ത് നടന്നുവരുന്നത്. കടലിൽ നിന്ന് ഇരുനൂറു മീറ്റർ മാറിയേ ഏതുവിധ നിർമ്മാണത്തിനും ഭാവിയിൽ അനുമതി നൽകാവൂ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കയുമരുത്. കടലിനോടു തൊട്ടടുത്തു കഴിയുന്ന കുടുംബങ്ങളുടെ സുരക്ഷയ്ക്ക് അവരെ മാറ്റിപ്പാർപ്പിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. നടപ്പാക്കാനുദ്ദേശിക്കുന്ന പുനരധിവാസ പാക്കേജ് എത്രയും വേഗം പ്രവൃത്തി പഥത്തിൽ കൊണ്ടുവരാൻ കഴിയണം. അടുത്ത കാലവർഷത്തിനു മുൻപെങ്കിലും അതു സാദ്ധ്യമാക്കാനായാൽ വളരെ നല്ലത്. കടലാക്രമണത്തെത്തുടർന്ന് ഒഴിപ്പിക്കുന്ന കുടുംബങ്ങൾക്ക് സമീപത്തെ സർക്കാർ സ്കൂളുകളാണ് ഇപ്പോൾ അഭയം. ഇത്തരത്തിൽ സ്ഥിരം അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾ തലസ്ഥാനം ഉൾപ്പെടെ പലേടത്തുമുണ്ട്. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ഇത്തരം ക്യാമ്പുകളിലെ നരക ജീവിതം തീരദേശവാസികൾ എല്ലാ മഴക്കാലത്തും അനുഭവിക്കേണ്ടിവരുന്നു. പുതിയ പുനരധിവാസ പദ്ധതി നേരെ ചൊവ്വേ പ്രാവർത്തികമായാൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ അനുഗ്രഹമായേനെ.