ബർലിൻ: ബസിലും ട്രെയിനിലുമെന്നപോലെ വിമാനത്തിലും നിന്ന് യാത്രചെയ്യാം.സ്വപ്നമല്ല, നൂറുശതമാനം സത്യം. നിൽപ്പൻ സീറ്റുകൾ യാഥാർത്ഥ്യമാക്കുള്ള പരക്കം പാച്ചിലിലാണ് വിമാന കമ്പനികൾ. അടുത്തുതന്നെ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ. വരുമാന വർദ്ധനവ് തന്നെയാണ് ലക്ഷ്യം.
ജർമ്മനിയിലെ ഹാംബർഗിൽ കഴിഞ്ഞ വർഷം നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സാണ് സ്‌കൈറൈഡർ 2.0 എന്നപേരിൽ നിൽപ്പനെ ആദ്യമായി അവതരിപ്പിച്ചത്. ഇൗ സീറ്റിൽ അൽപ്പ സ്വൽപ്പം വകഭേദങ്ങളോടെയാണ് സ്‌കൈറൈഡർ 3.0 എന്ന പേരിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
സീറ്റെന്നാണ് പേരെങ്കിലും നന്നായി ഇരിക്കാമെന്ന പ്രതീക്ഷ വേണ്ട. ആസനം വയ്ക്കാൻ അല്പ സ്ഥലം അത്രമാത്രം. ആകെയുള്ള ആശ്വാസം ചാരാമെന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ചാരി നിൽക്കുന്നതുപോലെ ഇരിക്കാം. ചേർന്ന് ചേർന്ന് സീറ്റായതിനാൽ കാൽ നീട്ടിവയ്ക്കാമെന്ന് പ്രതീക്ഷയും വേണ്ട.
നിൽപ്പനെ ആശ്രയിക്കുന്നവരിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്ക് ഇടാക്കാനാണ് നിർദ്ദേശം. പക്ഷേ, പുതിയ ഐഡിയയോട് തണുത്തപ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നുണ്ടാവുന്നത്. ഇത് വിമാനകമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെറിയ ദൂരം യാത്രചെയ്യാനായി നിൽപ്പനെ പലരും ആശ്രയിക്കുമെങ്കിലും ദീർഘദൂര യാത്രയിൽ ഇത് പ്രായോഗികമാവില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ ഇത്തരം സീറ്റുകൾ ഏർപ്പെടുത്തുന്നത് ഗുണത്തെക്കാൾ ദേഷമേ ഉണ്ടാക്കൂ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.