നെയ്യാറ്റിൻകര: പലയിടത്തെയും മാലിന്യസംസ്കരണത്തിന്റെ അവസാന വാക്കാണ് മാലിന്യം കത്തിക്കുക എന്നത്.കത്തിക്കുന്നതിലൂടെ മാലിന്യം അപ്രത്യക്ഷമാകുമെന്നിരിക്കെ പുതിയ പല രോഗങ്ങളും രൂപപ്പെടുന്നു എന്ന വസ്തുത പലരും വിസ്മരിക്കുന്നു. ഫലമോ വിവിധ പേരുകളിൽ പുതിയ രോഗങ്ങൾ നമുക്കിടയിൽ പ്രത്യക്ഷപ്പെടുന്നു.
ഈ ആപത്ത് അറിഞ്ഞിട്ടും നെയ്യാറ്റിൻകര ടൗണിൽ അധികൃതർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡരുകിൽ കത്തിക്കുന്നത് തുടരുകയാണ് .ഇതിനെതിരേ ജനരോഷം ശക്തമാണ്.
നഗരസഭാധികൃതർ കണ്ടു പിടിച്ച ഈ പുതിയ മാലിന്യ സംസ്കരണ രീതി ജനങ്ങളുടെ ജീവന് ഭീഷണിയാകുകയാണ്. ഇവിടെ റോഡരുകിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം നഗരസഭയിലെ കണ്ടിജൻസി ജീവനക്കാരെത്തി പുലർച്ചെ കത്തിക്കുകയാണ് പതിവ്.
എന്നാൽ പ്ലാസ്റ്റിക് കത്തിക്കുന്ന പുക ശ്വസിച്ചാൽ കാൻസറും ശ്വാസകോശ രോഗങ്ങളും പിടിപെടുമെന്നിരിക്കെ ആറാലുമ്മൂട് മുതൽ നാരയണപുരം വരെ പുലർച്ചെ നഗരസഭാ ജീവനക്കാരെത്തി കത്തിക്കുന്നത് നഗരനിവാസികളെ ആശങ്കയിലാഴ്ത്തുന്നു.
കേരള ശുചിത്വ മിഷനുമായി ചേർന്ന് ആറ്റിങ്ങൽ മോഡലിൽ കേന്ദ്രീകൃത ചവർ സംസ്കരണ ശാല സ്ഥാപിക്കാനായി ഇളവനിക്കരയിൽ ഭൂമി ഏറ്റെടുക്കൽ നടപടി തുടർന്നെങ്കിലും നാട്ടുകാരുടെ എതിർപ്പ് കാരണം ഉപേക്ഷിച്ചു.പിന്നീട് ആറാലുമ്മൂട് മാർക്കറ്റിൽ മിനി ചവർ സംസ്കരണ ശാല ആരംഭിക്കാനായി പല തവണ ബഡ്ജറ്റിൽ തുക വകമാറ്റിയെങ്കിലും ഒന്നും നടന്നില്ല.
പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരുന്ന വിഷ വാതകമാണ് നിറവും ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ്. ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിന് കാരണമായേക്കാം. ഇതു രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സീഹീമോഗ്ലാബിൻ എന്ന പദാർത്ഥം ഉണ്ടാകും.
ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നു പേശികളിലെത്തുന്നതിനെ തടയുന്നു. പ്ലാസ്റ്റിക്കിനേക്കാളുപരി വാഹനങ്ങളടക്കം മറ്റ് ഉപകരണങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നുണ്ട്. ശ്വസിക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് അളവു കൂടൂന്നതു പെട്ടന്നു ബോധക്ഷയം ഉണ്ടാക്കാം.
പ്ലാസ്റ്റിക് കത്തുന്നതിലൂടെ അന്തരീക്ഷത്തിൽ പടരുന്ന വിഷവാതകമാണ് സൾഫർ ഡയോക്സൈഡ്. അതിരൂക്ഷ ഗന്ധമുള്ള ഈ വിഷവാതകം ആധുനിക ലോകത്തിലെ ഏറ്റവും പ്രധാന മലിനീകരണ വാതകങ്ങളിലൊന്നാണ്.
പ്ലാസ്റ്റിക് കത്തുമ്പോൾ സ്വാഭാവികമായി പുറത്തുവരുന്ന വിഷ പദാർഥങ്ങളെയാണ് ഡയോക്സിൻ എന്നു വിശേഷിപ്പിക്കുന്നത്. ഡയോക്സിനുകൾ കാൻസറിനു പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തിൽ നിലവിലുള്ള സകല ജീവജാലങ്ങളിലും ഡയോക്സിനുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാൻസർ കൂടാതെ മറ്റ് മാരക രോഗങ്ങൾക്കും ഡയോക്സിനുകൾ കാരണമാകുന്നു.