niyamasabha

തിരുവനന്തപുരം : സ്വകാര്യ മെഡിക്കൽ ലാബുകളെ നിയന്ത്രിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ് ബില്ലിന്റെ ചട്ടങ്ങൾ തയ്യാറായതായി ആരോഗ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. കോട്ടയം മെഡിക്കൽകോളേജിൽ കാൻസർരോഗിയല്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽതലത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. റിപ്പോർട്ടിൽ ഡോക്ടർക്ക് വീഴ്ചയുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. റിപ്പോർട്ട് ലഭിച്ചശേഷം യുവതിക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.


മൃതദേഹം നാട്ടിലെത്തിക്കാൻ

വിമാനക്കമ്പനികളുമായി ചർച്ച

വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനക്കമ്പനികൾ പൂർണമായ സൗജന്യം അനുവദിക്കില്ല. ഇക്കാര്യത്തിൽ ഇളവ് ലഭിക്കുമോ എന്നതാണ് പരിശോധിക്കുന്നത്.

മൂന്നുവർഷത്തിനിടെ പൊലീസിൽ 2742 സ്ഥിരം തസ്തികയും 240 താത്കാലിക തസ്തികയും സൃഷ്ടിച്ചു. 471 സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒമാരായി നിയമിക്കാൻ ഉത്തരവായി. 370 സ്റ്റേഷനുകളിൽ നിയമനം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി:

വിതരണം ചെയ്‌തത് 1731 കോടി

എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1731,56,16,318 രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രളയകാലത്ത് പുറമ്പോക്കിലുണ്ടായിരുന്ന 1283 വീടുകൾ പൂർണമായി തകർന്നതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഇവയിൽ 745 പേർക്ക് സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.

തരിശുഭൂമിയിൽ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുവർഷത്തിനിടെ 33421.01 ടൺ അരി അധികം ഉത്പാദിപ്പിച്ചെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. പച്ചക്കറി ഉത്പാദനം 7.25 ലക്ഷം ടണ്ണിൽ നിന്ന് 12.02 ടണ്ണായെന്നും മന്ത്രി പറഞ്ഞു.