1

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിൽ വലിച്ചെറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, ഡയറക്ടറേറ്റ് ഏകീകരണം നിറുത്തിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാം ഭാഗം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അതിൽ വിദ്യാഭ്യാസ മേഖലയുടെ ലയനത്തെക്കുറിച്ച് പറയുന്നില്ല. അത് പറയുന്ന രണ്ടാം ഭാഗം കാണാനുള്ള അവസരമെങ്കിലും ഒരുക്കണം. സ്‌കൂളിൽ യൂണിഫോം, പുസ്തകം എന്നിവ കൊടുത്തത് നേട്ടമായി ഉയർത്തിക്കാണിക്കുന്ന വിദ്യാഭ്യാസമന്ത്രി എസ്.എസ്.എൽ.സി പരീക്ഷാപേപ്പർ ചോർന്നതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ടി.വി. ഇബ്രാഹിം, റോജി എം. ജോൺ,

നേതാക്കളായ സനൽകുമാർ സത്യപാലൻ, ഷാജർഖാൻ, എം. സലാഹുദ്ദീൻ, ഡോ. ജി.വി. ഹരി, വി.കെ. അജിത്കുമാർ, എ.കെ. സൈനുദ്ദീൻ, എ.വി. ഇന്ദുലാൽ, ആർ. അരുൺ കുമാർ, ജി. പ്രതീപ്കുമാർ, ജോഷി ആന്റണി, എൻ.കെ. ബെന്നി, ഇബ്രാഹിം മുത്തൂർ, കെ.ടി. ലത്തീഫ്, സാബുജി വർഗീസ്, നോയൽ മാത്യൂസ്, മോഹൻരാജ്, കെ. വിമലൻ, എ.എം. ജാഫർഖാൻ, ബോസ്‌മോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.