തിരുവനന്തപുരം: തലസ്ഥാനത്തിന്റെ പുതിയ ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണൻ ചുമതലയേറ്റു. ഇന്നലെ രാവിലെ സകുടുംബം കളക്ടറേറ്റിലെത്തിയ ഗോപാലകൃഷ്ണനെ സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം പി.ടി. എബ്രഹാം, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. ജില്ലയുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ജില്ലയിലെ ജനങ്ങൾ ഓരോരുത്തരും തന്റെ കുടുംബാംഗങ്ങളായിരിക്കുമെന്നും ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി രംഗങ്ങളിൽ നടക്കുന്ന വിവിധ വികസന പദ്ധതികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്യോഗസ്ഥ സംവിധാനം സജ്ജമാക്കും. ജില്ലയുടെ തീരദേശ മേഖലയിലടക്കം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കു വേഗത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണൻ പൊതുഭരണഡെപ്യൂട്ടി സെക്രട്ടറിയായിരിക്കെയാണ് കളക്ടറായി നിയമിതനായത്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, ജലനിധി സി.ഇ.ഒ, ലാൻഡ് റവന്യൂ റെക്കാഡ്‌സ് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു. കേന്ദ്ര സർക്കാരിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ അസി. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. തമിഴ്‌നാട് നാമക്കൽ സ്വദേശിയാണ്. ഭാര്യ: ദീപ. വീട്ടമ്മയാണ്. ആതിര, വിശാഖൻ എന്നിവരാണ് മക്കൾ.