nursing-

തിരുവനന്തപുരം: സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിലും ഫീസ് ഘടനയിലും കഴിഞ്ഞ വർഷത്തെ നില തുടരും. മാനേജ്മെന്റുകളുമായി ഇതു സംബന്ധിച്ച് ‌സർക്കാർ ധാരണയിലായി.

50 ശതമാനം സീറ്റുകളിൽ സർക്കാർ പ്രവേശനം നടത്തും. ഫീസ് വർദ്ധന ഇക്കൊല്ലം ഉണ്ടാകില്ല. ബി.എസ്‌സി നഴ്സിംഗിന് സർക്കാർ, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിൽ 63,​500 രൂപ ട്യൂഷൻ ഫീസും 17,​000 രൂപ സ്പെഷ്യൽ ഫീസും നൽകണം. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് അധികൃതർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ജൂൺ 24 മുതൽ ജൂലായ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂലായ് 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 6നാണ് ആദ്യ അലോട്ട്മെന്റ്. 12ന് രണ്ടാം അലോട്ട്മെന്റ്. 17ന് വിദ്യാർത്ഥികൾ കോളേജുകളിൽ പ്രവേശനം നേടണം. ആഗസ്റ്റ് 22നാണ് മൂന്നാം അലോട്ട്മെന്റ്. ഈ അലോട്ട്മെന്റ് ലഭിച്ചവർ 27ന് പ്രവേശനം നേടണം. ഇതിനു ശേഷമുള്ള ഒഴിവുകളിലേക്ക് ആഗസ്റ്റ് 31ന് സ്പോട്ട് അഡ്‌മിഷൻ നടത്തും. 15 ശതമാനം എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ 93,​000 രൂപ ഫീസും 17000 രൂപ സ്പെഷ്യൽ ഫീസുമാണ്. 104 നഴ്സിംഗ് കോളേജുകളിൽ 6235 സീറ്റുകളാണുള്ളത്. 12 കോളേജുകൾക്ക് ആരോഗ്യ സർവകലാശാല അനുമതി നൽകിയിട്ടില്ല.

എം.എസ്‌സി നഴ്സിംഗിന് ഒരു ലക്ഷം രൂപ ട്യൂഷൻ ഫീസും 50,000 രൂപ സ്പെഷ്യൽ ഫീസുമാണ്. സർക്കാർ കോളേജുകളിൽ 28,​000 രൂപയാണ് ഫീസ്. എൻട്രൻസ് കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് 50 ശതമാനം സർക്കാർ സീറ്റുകളിൽ പ്രവേശനം. ഇതിനുള്ള വിജ്ഞാപനം എൻട്രൻസ് കമ്മിഷണർ ഉടൻ പുറപ്പെടുവിക്കും. എം.എസ്‌സി നഴ്സിംഗിന് എൻ.ആർ.ഐ ക്വോട്ട സീറ്റുകളില്ല. 78 കോളേജുകളിലാണ് എം.എസ്‌സി നഴ്സിംഗ് കോഴ്സുള്ളത്.

സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, എൻട്രൻസ് കമ്മിഷണർ എ. ഗീത, നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. വത്സ പണിക്കർ, സ്വാശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളായ അയിര ശശി, സജി, ക്രിസ്ത്യൻ മാനേജ്മെന്റ് പ്രതിനിധി ഫാ. ഷൈജു, ആരോഗ്യ സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഗീത എന്നിവർ പങ്കെടുത്തു.