ന്യൂഡൽഹി: എത്രനന്നായി മേക്കപ്പുചെയ്താലും ഒന്നു കുളിക്കുന്നതുവരെയേ അതിന് ആയുസുള്ളൂ. വീണ്ടും പണവും സമയവും ചെലവാക്കിയാലേ മേക്കപ്പ് ചെയ്യാനാവൂ. മേക്കപ്പുപോവാതെ കുളിക്കാൻ ഒരുവഴി കണ്ടെത്തിയെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആലോചിച്ചിരിക്കില്ലേ? സോഷ്യൽ മീഡിയയിൽ മേക്കപ്പ് പോകാതെ കുളിക്ക് സഹായിക്കുന്ന ഉപകരണത്തെക്കുറിച്ചുള്ള സജീവചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.
മുഖത്തെ മേക്കപ്പ് അല്പംപോലും ഇളകിപ്പോകാതെ കുളിക്കാൻ സഹായിക്കുന്ന ഉപകരണത്തിന്റെ പേര് 'ഷവർ ഷീൽഡ്' . പേരുകേട്ട് അന്തം വിടേണ്ട. ഹെൽമറ്റിന്റെ മുന്നിലത്തെ ഗ്ളാസുപോലുള്ള ഒരു പ്ലാസ്റ്റിക്കിന്റെ മറയാണ് ഐറ്റം. ഇൗ ഷീൽഡിനെ തലയിൽ ഉറപ്പിച്ചുനിറുത്തുന്ന ഒരു ഇലാസ്റ്റിക് ബാൻഡും ഇതിലുണ്ട്. ഇത് ധരിച്ചശേഷം കുളിച്ചാൽ ഒരു തുള്ളിവെള്ളം മുഖത്തുവീഴുകയോ മേക്കപ്പ് അല്പംപോലും ഇളകുകയേ ചെയ്യില്ല എന്നാണ് ഷവർ ഷീൽഡ് പ്രദർശിപ്പിക്കുന്ന മോഡലിന്റെ അവകാശവാദം.
ഷവർ ഷീൽഡിനെതിരെ കളിയാക്കലുകളുടെ മേളമാണ്. ഇത്രയും പാടുപെട്ട് എന്തിനാ കുളിക്കുന്നതെന്നാണ് എന്തിനാണ് കൂടുതൽപേർ ചോദിക്കുന്നത്. അതേസമയം വിവാഹമോ അതുപോലുള്ള ആഘോഷങ്ങളോ നടക്കുന്ന അവസരങ്ങളിലും മറ്റ് ഇത് സഹായകമായേക്കും എന്ന് വാദിക്കുന്നവരും രംഗത്തുണ്ട്. ഇതിലൊന്നിലും പെടാതെ ഇൗ ഐറ്റം എവിടെകിട്ടുമെന്ന് അന്വേഷിച്ച് നടക്കുകയാണ് മറ്റുചിലർ