niyamasabha

ഗിനിബസാവോയിലെ അൾട്ടിമാഹോറ, നോപിങ്‌ചാ, മൊസാംബിക്കിലെ നോട്ടീസിയ പത്രങ്ങളിൽ കശുഅണ്ടി സംഭരിക്കാൻ കാഷ്യുബോർഡ് ടെൻഡർപരസ്യം ചെയ്തു. ക്വോട്ട് ചെയ്തത് തഴവയിലെ സഹദേവൻ പിള്ള! ഈ മറിമായം തിരുവഞ്ചൂർ രാധാകൃഷ്ണനെ വല്ലാതെ കുഴക്കുന്നു. അതിനാലദ്ദേഹം മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയോട് ഉത്തരം തേടി.

മന്ത്രിക്കാണെങ്കിൽ ആകെ അറിയാവുന്ന തഴവ സഹദേവൻ ഈയിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിയാണ്. മന്ത്രി ചങ്ക് പറിച്ച് കാട്ടിയാലും ചെമ്പരത്തിപ്പൂവാണെന്ന് പറയാനുള്ള മാനസികാവസ്ഥയിൽ നിൽക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതെങ്ങനെ ഉൾക്കൊള്ളാനാണ്! കാഷ്യുബോർഡിന്റെ രേഖകളിൽ തഴവ സഹദേവൻപിള്ളയെ അദ്ദേഹം കണ്ടിട്ടുണ്ട്. സപ്ലൈയർമാരുടെ അംഗീകൃത ഏജന്റുമാർ ഒപ്പുവയ്ക്കുന്നതിൽ എന്താണ് തെറ്റെന്ന് അപ്പോൾ മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഒന്നുകൂടി നിഷ്കളങ്കയായി. ആര് ഒപ്പുവച്ചാലും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ, ഗുണനിലവാരമുറപ്പുണ്ടോ എന്ന് നോക്കിയാൽ പോരേ.

എന്നിട്ടും സംശയിച്ചുകൊണ്ടേയിരിക്കുന്ന പ്രതിപക്ഷത്തെ നോക്കി സഹതപിക്കാനായിരുന്നു മന്ത്രിക്ക് തോന്നിയത്. തെറ്റ് സമ്മതിക്കാനുള്ള രൂപവും മനസുമൊക്കെ മന്ത്രിക്കുണ്ടെന്ന് തിരുവഞ്ചൂർ സമ്മതിച്ചുകൊടുത്തെങ്കിലും ഇവിടെയെന്തോ ചരിഞ്ഞ് ചരിഞ്ഞ് പോകുന്നതായി അദ്ദേഹം സംശയിച്ചു. ഒട്ടും ബോദ്ധ്യമല്ലാത്ത വിഷയത്തിൽ തിരുവഞ്ചൂർ തപ്പിത്തടയുന്നതായി മന്ത്രിക്കും തോന്നി. മന്ത്രി മിമിക്രി കാണിച്ച് രക്ഷപ്പെടാൻ നോക്കുന്നുവെന്ന് തിരുവഞ്ചൂർ കോപിഷ്ടനായപ്പോൾ, ഗിമ്മിക്കുമില്ല, വട്ടംചുറ്റിപ്പോകലുമില്ല എന്ന് മന്ത്രി അതിനെക്കാൾ കോപിഷ്ടയായി. താൻസാനിയൻ സർക്കാരൊക്കെ ഇപ്പോൾ ഇങ്ങോട്ട് സഹായം തേടി വരുന്നത് നാളെ കശുഅണ്ടി വ്യവസായത്തിന്റെ പുഷ്കലകാലം സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായി മന്ത്രി കണ്ടു. അതിലസൂയ പൂണ്ട സ്ഥാപിതതാത്പര്യക്കാരുടെ കൊള്ളനീക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്ന് മന്ത്രി ശപിച്ചു. എന്നിട്ടും തഴവ സഹദേവൻപിള്ളയ്ക്ക് പിന്നിലെ ഗുട്ടൻസിൽ അഴിമതി തന്നെ പ്രതിപക്ഷം മണത്തു. യു.ഡി.എഫ് കാലത്തും ഇറങ്ങിക്കളിച്ചവരാണ് തഴവ സഹദേവൻപിള്ളയും മറ്റുമെന്ന ബോദ്ധ്യമാണ് പ്രതിപക്ഷ നേതാവിന്റെ സംശയത്തിന് പ്രേരണ.

ഭക്ഷ്യം, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം വകുപ്പുകളുടെ ധനാഭ്യർത്ഥനചർച്ചയിൽ ജോർജ് എം. തോമസ് വിവരിച്ചത് വീട്ടിലെ പ്ലാവിലെ ചക്ക മുഴുവൻ പറിച്ച് തിന്നുപോയ കാട്ടാനയെ നാട്ടിലെ ഡി.വൈ.എഫ്.ഐക്കാർ ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഓടിച്ച കഥയാണ്. എം.എൽ.എയ്ക്ക് നിവേദനം കൊടുക്കാൻവന്ന കാട്ടാനയെ ഡിഫിക്കാർ ചെണ്ട കൊട്ടി ഓടിച്ചെന്ന് യൂത്ത് കോൺഗ്രസുകാർ സംഭവത്തെ 'ട്രോളി'യതാണ് കഥാന്ത്യം.

മിന്നാമിനുങ്ങിൽ നിന്നുള്ള വെളിച്ചം കൊതുകിന്റെ കൂത്താടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട, അവിടെ കുത്തും കടിയുമല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന സുഭാഷ്ചന്ദ്രന്റെ നോവലിലെ പരാമർശം ഈ സർക്കാരിന് മുൻകാലപ്രാബല്യത്തോടെ ബാധകമാക്കിയത് എൽദോസ് പി. കുന്നപ്പിള്ളിലാണ്. കാട്ടാനയെ കാട്ടിനകത്ത് ഒതുക്കാനുള്ള ഒടിവിദ്യ കെ.ബി. ഗണേശ്കുമാറിന് വശമുണ്ട്. കാട്ടിനകത്ത് തടയണയോ സിമന്റ് ടാങ്കോ കെട്ടി വെള്ളം സംരക്ഷിച്ചുനിറുത്തണം. ടാങ്കിലേക്ക് ലോറികളിൽ വെള്ളമെത്തിക്കുകയുമാവാം. വെള്ളം കിട്ടിയാൽ ആന ഒതുങ്ങും.

നാല് മണിക്കെണീറ്റ് തൊഴുത്തിലെത്തി പശുവിനെ കറന്ന് പാൽവിറ്റ് ദിവസം 4500 രൂപ വരുമാനമുണ്ടാക്കുന്ന പി.ജെ. ജോസഫിന് പശുമാഹാത്മ്യം എത്ര വിവരിച്ചിട്ടും തൃപ്തിയായില്ല. അനുവദിച്ച ആറ് മിനിട്ടിന് പുറമേ മറ്റൊരു എട്ട് മിനിട്ടുമെടുത്ത് അദ്ദേഹം ഒരുവിധം അവസാനിപ്പിച്ചു!

മലപ്പുറം ജില്ലാവിഭജനത്തിനുള്ള ശ്രദ്ധക്ഷണിക്കൽപ്രമേയം കെ.എൻ.എ. ഖാദ‌ർ കഴിഞ്ഞദിവസം പിൻവലിച്ചതിന്റെ കാരണം കെ. കുഞ്ഞിരാമൻ തേടി. വൺ സ്റ്റെപ് ഫോർവേർഡ്, ടൂ സ്റ്റെപ്സ് ബാക്ക്‌വേർഡ് എന്ന ലെനിനിസ്റ്റ് തത്വമാണ് താനും പിണറായി വിജയനും സ്വീകരിക്കാറുള്ള മാർഗമെന്നാണ് അതിന് ഖാദറിന്റെ മറുപടി. ശാസ്ത്രവിധിപ്രകാരം ചോതിനക്ഷത്രക്കാരുടെ മരം വീരവൃക്ഷമായ നീർമരുത് ആയതിനാൽ അത്രയും വീരപരിവേഷമുള്ള ചോതിനക്ഷത്രക്കാരനായ പിണറായി ശൈലി മാറ്റേണ്ടെന്ന് ഖാദർ ഉപദേശിച്ചിട്ടുണ്ട്.