കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ സെപ്ടിക്ക് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി. നാട്ടുകാരും ആരോഗ്യ വകുപ്പും ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
ഡിപ്പോയിലെ വാണിജ്യ സമുച്ചയത്തിലെ സെപ്ടിക്ക് ടാങ്ക് നിറഞ്ഞ് സമീപത്തെ പ്രധാന റോഡിലേയ്ക്ക് മാലിന്യ ജലം ഒഴുകുന്നത്. ദിവസങ്ങൾക്ക് മുൻപ് വ്യാപാരികളുടെ നേതൃത്വത്തിൽ ടാങ്കിലെ മാലിന്യം നീക്കം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ടാങ്കിന്റെ സ്ലാബിനടിയിലൂടെ ഒലിച്ചിറങ്ങുന്ന മലിന ജലം റോഡിലേക്കും ഓടയിലേക്കും കാട്ടാക്കടയിലെ പ്രധാന ജലസ്രോതസായ പ്രധാന തോട്ടിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. അസഹ്യമായ ദുർഗന്ധം കാരണം ഇതുവഴി മൂക്ക് പൊത്തിയേ നടക്കാൻ കഴിയൂ.
മാലിന്യ നിർമാർജനവും മഴക്കാല പൂർവ ശുചീകരണവും ഉൾപ്പടെ പഞ്ചായത്ത് നടത്തിയിട്ടും കെ.എസ്.ആർ.ടി.സിലെ മലിനജലത്തിന്റെ ഒഴുക്ക് തടയാൻ നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
മുൻപും പലതവണ സെപ്ടിക് മാലിന്യം ഒഴുകിയിറങ്ങി പൊതു ജനത്തിന് ബുദ്ധിമുട്ടായിട്ടുണ്ട്. മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികൾ സമരങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ ടാങ്കിന്റെ വിസ്തീർണ്ണം കൂട്ടുന്നതുൾപ്പടെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. മാത്രമല്ല ലക്ഷങ്ങൾ അഡ്വാൻസായും മാസംതോറും നല്ലൊരു തുക വടകയിനത്തിലും നൽകുന്ന വ്യാപാരികളാണ് ആരംഭകാലം മുതൽ ഇപ്പോഴും സ്വന്തം ചെലവിൽ മാലിന്യ നീക്കം നടത്തുന്നത്. അതേ സമയം വാണിജ്യ സമുച്ചയത്തിലെ ടാങ്കിൽ ഇത്രയധികം മാലിന്യം വാരാനുള്ള സാദ്ധ്യതയില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തും ആരോഗ്യവകുപ്പും ഇടപെട്ട് അടിയന്തിര പ്രശ്‌നം പരിഹാരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം