വർക്കല: മഴയിൽ വീട് തകർന്ന അമ്മയും മൂന്ന് പെൺമക്കളുമടങ്ങുന്ന ദരിദ്രകുടുംബത്തിന് കൈത്താങ്ങായി ചെമ്മരുതി നിവാസികളും പഞ്ചായത്തും രംഗത്തെത്തി. മഴയിൽ വീടിന്റെ ഒരു ചുവരും സെപ്ടിക് ടാങ്കും തകർന്ന് കക്കൂസ് മാലിന്യം വീടിനുളളിലേക്ക് അടിഞ്ഞ പനയറ മുട്ടപ്പലം വി.എസ്.ഭവനിൽ വത്സലയുടെ കുടുംബത്തിനാണ് ആശ്വാസമാകുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയ വത്സല കൂലിപ്പണി ചെയ്താണ് കുട്ടികളെ വളർത്തുന്നത്. വീട് പുനർനിർമ്മിക്കാനുളള തുക കണ്ടെത്താൻ മാർഗമില്ലാതെ ആകെ മാനസികമായി തകർന്ന വത്സലയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് വീട്ടിലെത്തിയ അഡ്വ. വി.ജോയി എം.എൽ.എയും, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമും, ഗ്രാമപഞ്ചായത്തംഗം രജനിപ്രേംജിയും, ആരോഗ്യ പ്രവർത്തകൻ കെ.ആർ. ഗോപകുമാറും മുൻകൈയെടുത്ത് ജനപങ്കാളിത്തത്തോടെ വീടിന്റെ പുനർനിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്താൻ ശ്രമങ്ങളാരംഭിച്ചു. കുടുംബശ്രീ പ്രവർത്തകരും പാലിയേറ്റീവ് കെയർ വോളന്റിയർമാരും സഹകരിച്ചതോടെ 1,25,000രൂപ സമാഹരിച്ചു. ഈ തുക കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം വത്സലയ്ക്ക് കൈമാറി. വൈസ് പ്രസിഡന്റ് കുമാരി അജി, മെഡിക്കൽ ഓഫീസർ ഡോ. അരുൺ, പഞ്ചായത്തംഗങ്ങളായ അരുണ എസ് ലാൽ, ജയലക്ഷ്മി, ജയസിംഹൻ, അരവിന്ദൻ, ജെസി, വിജയ, കെ.ആർ. ഗോപകുമാർ, കുടുംബശ്രീ അക്കൗണ്ടന്റ് ഗ്രേഷ്മ എന്നിവർ പങ്കെടുത്തു.