കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളത്ത് ബൈക്കും ടിപ്പർലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നക്കാട് മേക്കാവിള വീട്ടിൽ കണ്ണന്റെ മകൻ ദേവരാജനാണ് (50) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വടക്കോട്ട തളിയാഴ്ചൽ വീട്ടിൽ കൃഷ്ണന്റെ മകൻ സുരേന്ദ്രന് (58) ഗുരുതരമായി പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാവായിക്കുളം ഇരുപത്തെട്ടാംമൈലിന് സമീപം ഇന്നലെ രാവിലെ 6.15 നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർലോറി എതിർദിശയിൽ നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിനടിയിൽ കുരുങ്ങിയവരെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവരാജനെ രക്ഷിക്കാനായില്ല. സുരേന്ദ്രന്റെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ആലപ്പുഴ കൈത്തറി സ്ഥാപനത്തിലെ നെയ്ത്തു തൊഴിലാളികളാണ് ഇരുവരും. ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ടിപ്പർ ലോറിയുടെ ഡ്രൈവർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ഗീതയാണ് ദേവരാജന്റെ ഭാര്യ. മിഥുൻരാജ്, മൃദുലരാജ് എന്നിവരാണ് മക്കൾ. കല്ലമ്പലം പൊലീസ് കേസെടുത്തു.