acc

വെഞ്ഞാറമൂട് : എം.സി റോഡിൽ തൈക്കാട് ജംഗ്ഷനിലെ ഡിവൈഡറും സമീപത്തെ വളവും ആളെ കൊല്ലികളാകുന്നതായി പരാതി. അപകടങ്ങൾ നിത്യസംഭവമായ ഇവിടെ നിരവധിപേർ മരിക്കുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികൃതർ ഒന്നും അറിയാത്ത മട്ടിലാണ് ഇപ്പോഴും. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി. തൈക്കാട് ജംഗ്ഷനോട് ചേർന്നുള്ള കൊടും വളവ് അപകടകേന്ദ്രമാകുകയാണ്. വളവിനോട് ചേർന്ന ഇടുങ്ങിയ പാലവും, പാലത്തിനോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുത്തിറക്കം കഴിഞ്ഞുള്ള കൊടും വളവും മതിയായ ഗതാഗത നിയന്ത്രണ സംവിധാനം ഇല്ലാത്തതുമാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. പിരപ്പൻകോട് ഹയർസെക്കൻഡറി സ്കൂൾ, യു.ഐ.ടി എന്നിവിടങ്ങളിലെ കുട്ടികൾ ബസ് കയറുന്നതും ഇവിടെ നിന്നാണ്. ഇവർ ഇടുങ്ങിയ റോഡിലെ കലുങ്കിന് മുകളിൽ ബസ് കാത്തിരിക്കുന്നത് അപകട സാദ്ധ്യത കൂട്ടുന്നു. ഇവിടെ നിന്നും അമ്പത് മീറ്ററോളം മാറി എം.സി റോഡും, ബൈപാസ് റോഡും ചേരുന്നിടത്താണ് ഡിവൈഡറുകൾ ഉള്ളത്. എം.സി റോഡിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് റോഡിന്റെ മദ്ധ്യഭാഗത്തുള്ള ഡിവൈഡറുകൾ ശ്രദ്ധയിൽപ്പെടുന്നത്. ഇങ്ങനെ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടങ്ങളും നിരവധിയാണ്. രാത്രികാലങ്ങളിലാണ് ഇവിടെ കൂടുതൽ അപകടങ്ങളും നടക്കുന്നത്. ഡിവൈഡറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ബൈപാസ് റോഡിൽ ഹൈമാസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പി.ഡബ്ല്യു.ഡി, കെ.എസ്.ടി.പി.എ എന്നിവയുടെ വലിയ സൂചനാബോർഡുകൾ ഹൈമാസ്റ്റിൽ നിന്നും ഡിവൈഡറുകൾ ഉള്ള ഭാഗത്തേക്കുള്ള പ്രകാശം തടയുകയാണ്. എം.സി റോഡിലെ വളവിന്റെ ചരിവ് നേരെയാക്കുന്നതിനൊപ്പം ഡിവൈഡറുകൾ ഉള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.