തിരുവനന്തപുരം: കല്ലട ബസിൽ തമിഴ്നാട് സ്വദേശിയായ യുവതി പീഡനശ്രമത്തിനിരയായ സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം സ്വദേശി ജോൺസൺ ജോസഫിനെതിരെ മോട്ടോർ വാഹന ചട്ടം 21 പ്രകാരമാണ് നടപടി.

കല്ലട ബസിലെ ജീവനക്കാർ പലവിധ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ലഘൂകരിച്ചു കാണാനാവില്ല. എന്നാൽ പ്രശ്നത്തിൽ നിയമപരമായി ഇടപെടാൻ സർക്കാരിന് ചില പരിമിതികളുണ്ട്. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. കല്ലടയുടെ മറ്റൊരു ബസ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചതിന്റെ ഫലമായി പയ്യന്നൂർ സ്വദേശി മോഹനൻ എന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്രിരുന്നു. തീർത്തും മനുഷ്യത്വ രഹിതമായാണ് അയാളോട് ബസ് ജീവനക്കാർ പെരുമാറിയത്. ആ ബസിലെ ഡ്രൈവറുടെ ലൈസൻസ് എവിടെ നിന്നുള്ളതാണെന്ന് പരിശോധിച്ചുവരികയാണ്. ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കാൻ പൊലീസ് മേധാവി ബെഹ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവർക്ക് നൂറോളം ബസുകളുണ്ടെങ്കിലും പത്തിൽ താഴെ ബസുകൾക്കേ കേരളത്തിൽ രജിസ്ട്രേഷനുള്ളു. ശേഷിക്കുന്നവ മറ്റു സംസ്ഥാനങ്ങളിലാണ്. ഇത്തരം സർവീസുകൾക്കെതിരെ നടപടി കൈക്കൊള്ളുമ്പോൾ യാത്രക്കാർക്കുണ്ടാവുന്ന അസൗകര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ തുടങ്ങും. 25 ബസുകളുടെ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങാൻ കർണാടക സർക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്തിയിട്ടുണ്ടെന്നും ശശീന്ദ്രൻ വ്യക്തമാക്കി.